കേരളം മൊത്തം നമ്മള്‍ ഇങ്ങ് എടുക്കാന്‍ പോവുകയാണ്; ഇനി ബിജെപി അതുക്കുംമേലെയെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: 'ഭാരതത്തിനും നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മള്‍ ഇങ്ങ് എടുക്കാന്‍ പോവുകയാണെന്ന്' കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ച രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും പാര്‍ട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷപദവി രാജീവ് ചന്ദ്രശേഖറിന് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് അദ്ദേഹത്തിന് നിഷ്പ്രയാസം സാധിച്ചെടുക്കാവുന്ന ഉദ്യമം മാത്രമാണെന്നും തിരുവനന്തപുരത്തെ മൂന്ന് മാസത്തെ തെരഞ്ഞെടുപ്പ് കാലത്തുമാത്രമല്ല, പല ഘട്ടങ്ങളിലും അത് നമുക്ക് പകര്‍ന്നെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

'ഈയടുത്ത് ഒരു സംസ്ഥാന സമ്മേളനത്തില്‍ ബിജെപിയെ കുറിച്ച് ഒരു വിലയിരുത്തല്‍ നടന്നതായി കെ സുരേന്ദ്രന്‍ സൂചിപ്പിച്ചു. സൈദ്ധാന്തിക വ്യതിയാനം സംഭവിക്കാന്‍ പോകുന്നു എന്ന ഭയപ്പാടോടെ അവര്‍ വിലയിരുത്തല്‍ നടത്തി. രാജീവ് ചന്ദ്രശേഖറിന് സുരേന്ദ്രന്‍ ബാറ്റണ്‍ കൈമാറിയ നിമിഷം സൈദ്ധാന്തിക വിപ്ലവത്തിലേയ്ക്ക് വളര്‍ന്നു. ഇത് അവര്‍ മനസ്സിലാക്കി പ്രതിപ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ നമുക്ക് വെല്ലുവിളിയുള്ളൂ.' സുരേഷ് ഗോപി പറഞ്ഞു. ഒ രാജഗോപാല്‍ മുതലുള്ള മുന്‍ അധ്യക്ഷന്‍മാര്‍ പാര്‍ട്ടിയെ ഓരോ പടിയും മുന്നോട്ടാണ് നയിച്ചതെങ്കില്‍ ഇനി അതുക്കുംമേലെ എന്ന കാഴ്ചയാണ് ഇനി കാണാന്‍ പോകുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Previous Post Next Post