'താടി വടിച്ചില്ല, ഷര്‍ട്ടിന്‍റെ ബട്ടനിട്ടില്ല'; പരീക്ഷയെഴുതാൻ എത്തിയ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് സീനിയേഴ്സ്, നാല് പേർക്കെതിരെ കേസ്

കോഴിക്കോട്: നാദാപുരം പേരോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ നാല് സീനിയർ വിദ്യാർഥികള്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ചയോടെയാണ് സംഭവം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താടി വടിച്ചില്ല, ഷർട്ടിന്റെ ബട്ടൻ ഇട്ടില്ല തുടങ്ങിയ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദനം.

മർദനത്തിൽ ജൂനിയര്‍ വിദ്യാർഥിയുടെ ചെവിയുടെ കർണപുടത്തിനടക്കം ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ മര്‍ദനത്തിനും തടഞ്ഞു വെച്ചതിനുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. സ്കൂള്‍ അധികൃതരുടെ റിപ്പോര്‍ട്ട കൂടി ലഭിച്ച ശേഷം റാഗിങ് വകുപ്പുകളും ചുമത്തും.

 സ്കൂളിലെത്തിയതായിരുന്നു പ്ലസ് വൺ വിദ്യാർഥി. താടിവടിച്ചില്ലെന്നും ഷർട്ടിന്റെ ബട്ടണിട്ടില്ലെന്നും ചൂണ്ടിക്കാട്ടി സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ ചോദ്യം ചെയ്തു. പിന്നീട് ഇത് വാക്കുതർക്കത്തിലെത്തുന്നു. കൈകൾ പിന്നിലേക്ക് പിടിച്ചുവെച്ച് ജൂനിയർ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചു. ശേഷം തലപിടിച്ച് ചുമരിലിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

Previous Post Next Post