ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്ക് മുൻ​ഗണന; ശബരിമലയിൽ നാളെ മുതൽ പുതിയ ​ദർശന രീതി

പത്തനംതിട്ട: സന്നിധാനത്തെ പുതിയ ദർശന രീതി നാളെ മുതൽ നടപ്പാക്കും. പുതിയ ദർശന രീതിയിൽ ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്കാണ് മുൻ​ഗണന. മീന മാസ പൂജയ്ക്ക് നാളെ വൈകിട്ട് 5 ന് നട തുറക്കും. നാളെ മുതൽ തീർഥാടകരെ കടത്തിവിട്ട് പുതിയ ദർശന രീതി പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇരുമുടിക്കെട്ട് ഇല്ലാതെ വരുന്നവർ നെയ്യഭിഷേകത്തിന് വരി നിൽക്കുന്നതിന് സമീപത്തു കൂടി മേൽപാലം കയറി പഴയ രീതിയിൽ സോപാനത്ത് എത്തി ദർശനം നടത്തണം.

ഇതിനായി ആദ്യ രണ്ടു നിരയാണ് ഉദ്ദേശിക്കുന്നത്. പൂജകളും വഴിപാടുകളും ഉള്ള സമയത്ത് ഒന്നാം നിരയിൽ വഴിപാടുകാർക്കാണ് സ്ഥാനം. പതിനെട്ടാം പടി കയറി വരുന്നവരെ മാത്രം ബലിക്കൽപുര വഴി കടത്തി വിടാനാണ് തീരുമാനം. ഇവർക്ക് കുറഞ്ഞത് 20 മുതൽ‌ 25 സെക്കന്റ് ദർശനം ലഭിക്കുന്ന വിധത്തിലാണ് പുതിയ ക്രമീകരണം.

പുതിയ ദർശന രീതി നടപ്പാക്കുന്നതിനുള്ള പ്ലാറ്റ്ഫോം, ബാരിക്കേഡ്, രണ്ട് വശത്തെ ക്യൂവിൽ ഉള്ളവരെ വേർതിരിക്കാനുള്ള കാണിക്ക വഞ്ചി എന്നിവയുടെ പണികൾ പൂർത്തിയാകുന്നു. 15 മുതൽ 19 വരെയാണ് മീന മാസ പൂജ. ദിവസവും ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, 25 കലശം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. 19ന് രാത്രി 10ന് നട അടയ്ക്കും.

Previous Post Next Post