'ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാല്‍ കൊല്ലും, അവന്റെ കണ്ണൊന്നു നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല'- വിദ്യാര്‍ഥികളുടെ കൊലവിളി

താമരശ്ശേരിയില്‍ വിദ്യാർഥികള്‍ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റ് പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത്.
പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. 'ഷഹബാസിനെ കൊല്ലുമെന്നു പറഞ്ഞാല്‍ കൊല്ലും, അവന്റെ കണ്ണൊന്നു നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല' - എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. കൂട്ടത്തല്ലില്‍ മരിച്ചാല്‍ പൊലീസ് കേസെടുക്കില്ലെന്നും തള്ളിപ്പോകുമെന്നും മറ്റൊരു വിദ്യാർഥി പറയുന്നതും വോയ്സ് ചാറ്റിലുണ്ട്.

അതിനിടെ സംഭവത്തില്‍ പൊലീസ് കൊലക്കുറ്റം ചുമത്തി. അഞ്ച് വിദ്യാർഥികളെ നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. വിദ്യാർഥികളെ കൂട്ടി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ രക്ഷിതാക്കള്‍ക്കു നിർദ്ദേശം നല്‍കിയിട്ടുണ്ട്. സിജെഎം കോടതിയില്‍ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തെക്കുറിച്ച്‌ വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുമെന്നു മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

ആക്രമണം ആസൂത്രിതമാണെന്നതിന്റെ തെളിവുകളാണ് ശബ്ദ സന്ദേശത്തിലൂടെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ആക്രമണത്തിനു ആഹ്വാനം ചെയ്തിരിക്കുന്നത്. തിരിച്ചടിക്കാനായി ട്യൂഷൻ സെന്ററിനു സമീപം എത്താനായിരുന്നു ആഹ്വാനം.

എളേറ്റില്‍ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും താരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയർവെല്‍ പരിപടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിനു കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തുടർച്ചയായിരുന്നു വ്യാഴാഴ്ചത്തെ ഏറ്റുമുട്ടല്‍.
ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കമാണ് വ്യാഴാഴ്ചത്തെ സംഘർഷത്തിലേക്കും വിദ്യാർഥിയുടെ മരണത്തിലും കലാശിച്ചത്. ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കത്തിനു ശേഷം സമൂഹ മാധ്യമത്തിലൂടെ ഇരു വിഭാഗവും തമ്മില്‍ വാക്കു തർക്കവുമുണ്ടായിരുന്നു. ഈ അസ്വാരസ്യങ്ങളുടെ തുടർച്ചയായിരുന്നു ദിവസങ്ങള്‍ക്കു ശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷം.

വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞതിനു ശേഷം ട്യൂഷൻ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജിവിഎച്‌എസ്‌എസ് വിദ്യാർഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റില്‍ സ്കൂള്‍ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ സെന്ററില്‍ പഠിക്കാത്ത വിദ്യാർഥികളും ചേർന്നാണ് ഏറ്റുമുട്ടിയത്. വൈകീട്ട് ആറരയോടെ താമരശ്ശേരി- വെഴുപ്പൂർ റോഡിലെ ചയക്കടയ്ക്കു സമീപത്തായിരുന്നു സംഘർഷം തുടങ്ങിയത്. തമ്മില്‍ത്തല്ലിയ വിദ്യാർഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് ഇവിടെ നിന്നു പിന്തിരിപ്പിച്ച്‌ ഓടിച്ചത്. പിന്നീട് റോഡിനു സമീപത്തു വച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി.

സംഘർഷത്തിനിടെ മുഹമ്മദ് ഷഹബാസിനു മർദ്ദനമേറ്റ് തലയ്ക്കു പരിക്കേല്‍ക്കുകയായിരുന്നു. നഞ്ചക്ക് പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്നു വിദ്യാർഥികള്‍ പൊലീസിനെ അറിയിച്ചത്. അതേസമയം താമരശ്ശേരിയിലെ വിദ്യാർഥികളെ കൂടാതെ പുറമേ നിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കള്‍ പൊലീസിനു നല്‍കിയ മൊഴി.
Previous Post Next Post