കുരുതിക്കളമായി വീണ്ടും ഗാസ; ഇസ്രയേല്‍ ആക്രമണത്തില്‍ 463 മരണം, മൂന്നില്‍ രണ്ടും സ്ത്രീകളും കുട്ടികളും

ഗാസസിറ്റി: രണ്ടാം ഘട്ട വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മരണ സംഖ്യ ഉയരുന്നു. കഴിഞ്ഞ 36 മണിക്കൂറിനിടെ ഗാസയിലെ വിവിധ മേഖലകളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 436 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 183 പേര്‍ കുട്ടികളാണെന്നാണ് കണക്കുകള്‍. 94 പേര്‍ സ്ത്രീകളുമാണ്. 34 വയോധികരും ആക്രമണങ്ങളില്‍ മരിച്ചപ്പോള്‍ 125 പുരുഷന്‍മാര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ടുണ്ട്. ഇതില്‍ സ്ത്രീരളുടെയും കുട്ടികളുടെയും മരണ നിരക്ക് പരിശോധിച്ചാല്‍ മരിച്ച മൂന്ന് പേരില്‍ രണ്ടും സ്ത്രീകളും കുട്ടികളുമാണെന്നും കണക്ക് ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്ന സാഹചര്യത്തില്‍ മരണ സംഖ്യ ഇനിയും ഉയരുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് ഗാസയിലെ 23 ഓളം കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ജബാലിയ, ബെയ്റ്റ് ഹനൂണ്‍, ഗാസ സിറ്റി, നുസൈറാത്ത്, ദെയ്ര്‍ എല്‍-ബലാഹ്, ഖാന്‍ യൂനിസ്, റഫ എന്നിവയുള്‍പ്പെടെ ഗാസ മുനമ്പിലെ ഒട്ടുമിക്ക ജനവാസ പ്രദേശങ്ങളിലും ഇസ്രായേല്‍ ആക്രമണം അരങ്ങേറിയിരുന്നു. സുരക്ഷിത മാനുഷിക മേഖലകളായ അല്‍-മവാസി ഉള്‍പ്പെടെയുള്ള ഇടങ്ങളും ആക്രമിക്കപ്പട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പടിഞ്ഞാറന്‍ ഗാസ സിറ്റിയില്‍, അല്‍-റാന്റിസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന് സാധാരണക്കാരായ ആളുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം അരങ്ങേറിയത്. ഗാസ സിറ്റിയിലെ ദരാജിലെ അല്‍-താബിന്‍ സ്‌കൂള്‍, റഫ സിറ്റി പടിഞ്ഞാറന്‍ മേഖലയിലെ ദാര്‍ അല്‍-ഫാദില സ്‌കൂള്‍ തുടങ്ങിയ അഭയാര്‍ത്ഥി കേന്ദ്രങ്ങളും ബോംബാക്രമണത്തില്‍ തകര്‍ന്നു. ഇവിടങ്ങളില്‍ മാത്രം കുറഞ്ഞത് 25 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം, വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് ഹമാസ് പ്രതികരിച്ചു. എന്നാല്‍ ഇസ്രയേലിന്റെ ഇപ്പോഴത്തെ നടപടികള്‍ വെടിനിര്‍ത്തലിന് ഇസ്രയേലിന് താത്പര്യമില്ലെന്ന് തെളിയിക്കുന്നതാണെന്നും ഹമാസ് കുറ്റപ്പെടുത്തി.

ഇസ്രയേല്‍ നടപടിക്ക് എതിരെ രാജ്യത്തിന് അകത്തും പ്രതിഷേധം ഉയരുന്നുണ്ട്. ജെറുസലേമിലെ ഇസ്രയേലി പാര്‍ലമെന്റായ ക്നെസറ്റിന് പുറത്ത് നടന്ന പ്രതിഷേധത്തില്‍ പതിനായിക്കണക്കിന് ആളുകളാണ് പ്രതിഷേധിച്ചത്. യുദ്ധം ഇസ്രയേലിന്റെ ഭാവിക്കോ അതോ സര്‍ക്കാരിന്റെ നിലനില്‍പ്പിനോ എന്ന് രേഖപ്പെടുത്തിയ ബാനറുകള്‍ ഉള്‍പ്പെടെ ഉയര്‍ത്തിയായിരുന്നു ആളുകള്‍ സംഘടിപ്പിച്ചത്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ജെറുസലേമിലെ സ്വകാര്യവസതിയിലേക്കും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി.

അതിടെ, അഴിമതിക്കേസില്‍ നെതന്യാഹുവിന്റെ വിചാരണ ആരംഭിക്കേണ്ട ചൊവ്വാഴ്ച തന്നെ ഗാസയിലെ ആക്രമണം പുനരാരംഭിച്ചു എന്നതും ശ്രദ്ധേയമാണ്. ആക്രമണം പുനരാരംഭിച്ചതോടെ പിന്നാലെ വിചാരണ മാറ്റിവെക്കുകയും ചൈയ്തിരുന്നു.

Previous Post Next Post