കാസര്‍കോട് പൈവളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയല്‍വാസിയായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി.
പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയല്‍വാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതിനാലാണ് കണ്ടെത്താൻ വൈകിയതെന്ന ആരോപണമാണ് ഉയരുന്നത്.
പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൈവളിഗ സ്വദേശികളായ ദമ്ബതികളുടെ മകളായ 15കാരിയെ മൂന്നാഴ്ച മുമ്ബാണ് കാണാതായത്.
പെണ്‍കുട്ടിയെ കാണാതായതിനൊപ്പം അയല്‍വാസിയായ യുവാവിനെയും കാണാതായിരുന്നു. കാണാതായി 26 ദിവസത്തിനുശേഷമാണിപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലോക്കേഷൻ നോക്കിയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണും കത്തിയുമടക്കം കണ്ടെടുത്തു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ആദ്യം കാണാതായെന്ന പരാതി ഉയരുകയും പിന്നീട് ദിവസങ്ങള്‍ക്കുശേഷം വീടിന് സമീപത്തെ ഗ്രൗണ്ടിനോട് ചേര്‍ന്ന് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.