പാക് സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം: 15 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ മേഖലയിലെ സൈനിക താവളത്തിന് നേര്‍ക്കായിരുന്നു ആക്രമണം.

ചാവേര്‍ സംഘം സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. സൈനിക കേന്ദ്രത്തിലെ ആക്രമണത്തില്‍ 9 പേർ മരിച്ചതായാണ് റിപ്പോർട്ട്. ആറു ഭീകരരെ വധിച്ചതായി പാക് സൈന്യം അറിയിച്ചു.

ഭീകരാക്രമണത്തെത്തുടര്‍ന്ന് സമീപത്തെ പള്ളി തകര്‍ന്നു വീണും ആളുകള്‍ മരിച്ചു. നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. സ്‌ഫോടനങ്ങളില്‍ ആകെ 15 പേര്‍ മരിച്ചതായി ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ അറിയിച്ചതായി പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഹാഫിസ് ഗുല്‍ ബഹാദൂര്‍ ഏറ്റെടുത്തിട്ടുണ്ട്. തെഹരീക് ഇ താലിബാന്‍ പാകിസ്ഥാന്റെ പോഷക സംഘടനകളിലൊന്നാണ് ഹാഫിസ് ഗുല്‍ ബഹാദൂര്‍ എന്ന് പാക് സൈന്യം വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Previous Post Next Post