ഏറ്റുമാനൂർ ഉത്സവം: കൊടുംവേനലിനെ "ചെണ്ട കൊട്ടിച്ച്" തോൽപ്പിച്ച് ജയറാം; ഏറ്റുമാനൂർ ഉത്സവത്തിമിർപ്പിൽ; രാത്രി 12ന് ഏഴരപ്പൊന്നാന ദർശനം

ഏറ്റുമാനൂർ : അഘോരമൂർത്തിയും അഭീഷ്ടവരദായകനും സർവ്വകലകളുടെയും നാഥനുമായ ഏറ്റുമാനൂരപ്പന്റെ ഉത്സവകാലത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. തന്ത്രിമുഖ്യൻ താഴ്മൺ മഠം ബ്രഹ്മശ്രീ കണ്ഠര് രാജീവര്, ബ്രഹ്മശ്രീ കണ്ഠര് ബ്രഹ്മദത്തൻ, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവരുടെ കാർമികത്വത്തിൽ വ്യാഴാഴ്ച ഉത്സവം കൊടിയേറി.


ഉത്സവത്തിന്റെ എട്ടാം ദിനമായ ഇന്ന് (വ്യാഴം) രാവിലെ 7ന് ശ്രീബലി നടന്നു.  പ്രശസ്ത സിനിമാതാരം പത്മശ്രീ ജയറാമും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ  പഞ്ചാരിമേളം ഇന്നത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പഞ്ചാരിമേളത്തിൽ 111ൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്നു. കൊടുംചൂടിനെ വകവെയ്ക്കാതെ ഏറ്റുമാനൂരിന്റെ ഹൃദയതാളങ്ങളെ പോലും ചെണ്ടയിൽ ആവാഹിച്ച് കൊട്ടിക്കയറിയ ജയറാം മേളപ്രേമികൾക്ക് മറക്കാനാവാത്ത ഒരനുഭവമാണ് സമ്മാനിച്ചത്. വൈകീട്ട് 5ന് കാഴ്ചശ്രീബലി. തുടർന്ന് ചോറ്റാനിക്കര സത്യൻ നാരായണ മാരാരും സംഘവും ചേർന്നവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചവാദ്യം.  കലാപരിപാടികളിൽ ഇന്ന് പ്രധാനമായ ചടങ്ങ് വൈകീട്ട് 9.30നുള്ള ക്ലാസ്സിക്കൽ  ഡാൻസായ ആശാനടനമാണ്. സിനിമാതാരം ആശ ശരത്തും സംഘവുമാണ് നൃത്തവിരുന്നുമായി അരങ്ങിലെത്തുന്നത്. രാത്രി 12ന് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശനം. 



Previous Post Next Post