മലയാളികളടക്കം 10 കപ്പല്‍ ജീവനക്കാരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി.


ആഫ്രിക്കയില്‍ രണ്ട് മലയാളികളടക്കം 10 കപ്പല്‍ ജീവനക്കാരെ കടല്‍ക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

കാസർകോട് കോട്ടിക്കുളം ഗോപാല്‍പേട്ടയിലെ രജീന്ദ്രൻ ഭാർഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ചുപേരും മൂന്ന് വിദേശികളുമടക്കം 10 കപ്പല്‍ജീവനക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. രജീന്ദ്രൻ ഇപ്പോള്‍ പനയാല്‍ അമ്ബങ്ങാട്ടാണ് താമസം.

ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പോയ ചരക്കുകപ്പലാണ് കടല്‍ക്കൊള്ളക്കാർ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്. 18 ജീവനക്കാരില്‍ 10 പേരെ തട്ടിക്കൊണ്ടുപോയശേഷം കപ്പല്‍ ഒഴിവാക്കിയെന്നാണ് വിവരം. മാർച്ച്‌ 17-ന് രാത്രി 11.30-നുശേഷം രജീന്ദ്രനെ ബന്ധപ്പെടാൻ വീട്ടുകാർക്കായിട്ടില്ല.

പാനമ രജിസ്ട്രേഷനുള്ള 'വിറ്റൂ റിവർ' കമ്ബനിയുടെതാണ് കപ്പല്‍. മുംബൈ ആസ്ഥാനമായ 'മെരി ടെക് ടാങ്കർ' മാനേജ് മെൻറാണ് ചരക്ക് കടത്തലിന് ഉപയോഗിക്കുന്നത്. വിറ്റൂ റിവർ കമ്ബനി 18-ന് രജീന്ദ്രന്റെ ഭാര്യയെ വിളിച്ച്‌ വിവരം പറഞ്ഞിരുന്നു. ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് കമ്ബനി അറിയിച്ചതായി രജീന്ദ്രന്റെ ബന്ധു കെ.വി. ശരത്ത് പറഞ്ഞു.

Previous Post Next Post