'തുമ്പിക്കൈ കൊണ്ട് ചേര്‍ത്തുപിടിച്ചാണ് കൊമ്പനെ ഗണപതി കൊണ്ടുവന്നത്; ഇത്രവലിയ ആത്മബന്ധം പ്രതീക്ഷിച്ചില്ല'

കൊച്ചി: മസ്തകത്തില്‍ മുറിവേറ്റ കൊമ്പന് ക്ഷീണമുണ്ടെങ്കിലും അവശനിലയില്‍ അല്ലെന്ന് വാഴച്ചാല്‍ ഡിഎഫ്ഒ ആര്‍ ലക്ഷ്മി. ആഴമുള്ള മുറിവായതിനാല്‍ നീണ്ട ചികിത്സ വേണ്ടി വരും. ചികിത്സയ്ക്കായി ആനയെ പിടികൂടുന്നത് സങ്കീര്‍ണമായ ദൗത്യമായിരുന്നുവെന്നും ആര്‍ ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

ഒരാഴ്ച മൂന്ന് ഡോക്ടര്‍മാര്‍ നിരീക്ഷണം നടത്തിയ ശേഷമാണ് മയക്കുവെടിവെച്ച് പിടികൂടിയ ശേഷം ചികിത്സ നല്‍കാന്‍ തീരുമാനിച്ചത്. മുറിവ് പുഴുവരിച്ച നിലയിലായിരുന്നു. എങ്കിലും വെള്ളം കുടിക്കുന്നതിനും തീറ്റയെടുക്കുന്നതിനും തടസം ഉണ്ടായിരുന്നില്ല. ദൈനംദിനം ചെയ്യുന്ന കാര്യങ്ങള്‍ ആന ചെയ്യുന്നുണ്ടായിരുന്നു.ആരോഗ്യസ്ഥിതി മോശമായിരുന്നു എന്ന് പറയാന്‍ പറ്റില്ല. പക്ഷേ ഈ രണ്ടു മൂന്ന് ദിവസം ക്ഷീണം അനുഭവപ്പെട്ടിരുന്നു. ആനയ്ക്ക് ഇപ്പോള്‍ അത്യാവശ്യം ആരോഗ്യം ഉണ്ട്. കൊമ്പ് കുത്തി ഇറങ്ങിയ ആഴം മുറിവിന് ഉണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നല്‍കിയ ശേഷം മുറിവ് ഒന്ന് ഭേദമായതാണ്. എന്നാല്‍ പിന്നീട് വീണ്ടും മുറിവ് പഴുക്കാന്‍ തുടങ്ങി. റെഗുലര്‍ ട്രീറ്റ്‌മെന്റിനാണ് കോടനാട് കൊണ്ടുവന്നത്'- ആര്‍ ലക്ഷ്മി പറഞ്ഞു.

'കൊമ്പന്‍ മയങ്ങി വീണപ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. മയക്കുവെടിയേറ്റ ശേഷമുള്ള മയക്കത്തിലായിരുന്നു ആന. ഇന്ന് രാവിലെ രണ്ടു ആനകളെയും ഒരുമിച്ചാണ് ട്രാക്ക് ചെയ്തത്. ഗണപതിയും കൊമ്പനും തമ്മില്‍ ഇത്രയുംവലിയ ആത്മബന്ധം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. തുമ്പിക്കൈ കൊണ്ട് ചേര്‍ത്തുപിടിച്ചാണ് കൊമ്പനെ ഗണപതി കൊണ്ടുവന്നത്. ഗണപതിയുടെ തുമ്പിക്കൈയില്‍ നിന്ന് വിട്ടുപോയപ്പോഴാണ് ആന മയങ്ങി വീണത്. ആനയെ പിടികൂടുന്നത് സങ്കീര്‍ണമായ ദൗത്യമായിരുന്നു. മയങ്ങി വീണപ്പോള്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്നാണ് അഭയാരണ്യത്തില്‍ എത്തിച്ചത്.'- വാഴച്ചാല്‍ ഡിഎഫ്ഒ കൂട്ടിച്ചേര്‍ത്തു.

ആനയുടെ മുറിവ് ഒരടിയോളം ആഴത്തില്‍ ഉള്ളതാണെന്ന് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.മുറിവ് ആനയ്ക്ക് ഭീഷണിയാണ്. മറ്റു ഏതെല്ലാം അവയവങ്ങളിലേക്ക് അണുബാധ ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തമല്ല. എങ്കിലും തലച്ചോറിലേക്ക് അണുബാധ വ്യാപിച്ചിട്ടില്ല. തലച്ചോറിലേക്ക് അണുബാധ വ്യാപിച്ചാല്‍ തുമ്പിക്കൈ തളര്‍ന്നുപോകും. തലയോട്ടിയിലാണ് മുറിവ്. ഇത് പ്രതീക്ഷ നല്‍കുന്നതാണ്. ചികിത്സിച്ച് മുറിവ് ഭേദമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അരുണ്‍ സക്കറിയ പറഞ്ഞു

Previous Post Next Post