തമിഴ്നാട്ടിലെ കുംഭകോണത്ത് കോളേജിലെ ശുചിമുറിയില്‍ കുട്ടിക്ക് ജന്മം നല്‍കി വിദ്യാർത്ഥിനി. കുട്ടിയെ ശുചിമുറിക്ക് സമീപത്തെ മാലിന്യക്കൂനയില്‍ കുട്ടിയെ ഒളിപ്പിച്ച ശേഷം ക്ലാസ് മുറിയിലെത്തിയ വിദ്യാർത്ഥിനി കുഴഞ്ഞുവീണു.
പിന്നാലെ കോളേജ് അധികൃതർ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അല്‍പം മുൻപ് പ്രസവം നടന്നതായി വ്യക്തമായത്. പിന്നാലെ നടത്തിയ പരിശോധനയില്‍ മാലിന്യക്കൂനയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ചയാണ് കുംഭകോണത്തെ കോളേജില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്. കനത്ത രക്തസ്രാവത്തേ തുടർന്നാണ് വിദ്യാർത്ഥിനി ക്ലാസ് മുറിയില്‍ തളർന്നുവീണത്. പിന്നാലെ ആംബുലൻസില്‍ വിദ്യാർത്ഥിനിയെ സർക്കാർ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ വിദ്യാർത്ഥിനിയും കുട്ടിയും ആശുപത്രിയില്‍.
സംഭവത്തില്‍ കുംഭകോണം പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്. തിരുവാരൂർ ജില്ലയില്‍ നിന്നുള്ള ബന്ധുവായ യുവാവില്‍ നിന്നാണ് വിദ്യാർത്ഥിനി ഗർഭിണിയായിട്ടുള്ളത്. കാമുകനെതിരെ പരാതിപ്പെടാൻ വിദ്യാർത്ഥിനി തയ്യാറായിട്ടില്ല. പൊലീസ് യുവാവുമായി ബന്ധപ്പെട്ടപ്പോള്‍ യുവതിയെ വിവാഹം ചെയ്യാൻ തയ്യാറാണെന്നാണ് ബന്ധുവായ യുവാവിന്റെ പ്രതികരണം.