ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നതിന്റെ ഏറ്റവും അടിസ്ഥാനപരമായ വസ്തുത, എക്‌സിക്യൂട്ടീവ് ഇടപെടലുകളില്‍ നിന്ന് മുക്തമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്. സുപ്രീം കോടതി ഉത്തരവ് ലംഘിച്ച്, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ഇത് നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടര്‍മാരുടെ ആശങ്കകള്‍ വഷളാക്കുകയാണ് ചെയ്തത്.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മോദി സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന സെലക്ഷന്‍ കമ്മിറ്റിയുടെ ഘടനയും, സെലക്ഷന്‍ പ്രക്രിയയും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ കോടതി വാദം കേള്‍ക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സംബന്ധിച്ച് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അര്‍ദ്ധരാത്രിയില്‍ തീരുമാനമെടുത്തത് അനാദരവും മര്യാദകേടുമാണ്. രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി.
പുതുക്കിയ വ്യവസ്ഥ അനുസരിച്ച് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരടങ്ങിയ കമ്മിറ്റിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നത്. കമ്മിറ്റിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി തെരഞ്ഞെടുത്തത്. ഹരിയാന മുൻ ചീഫ് സെക്രട്ടറി വിവേക് ജോഷിയെ തെരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചിട്ടുണ്ട്