ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ നടന്ന നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നടക്കാതെ പോയതിനു പിന്നാലെയാണ് അധ്യക്ഷപദവി ഉപേക്ഷിക്കാനുള്ള പിസി ചാക്കോയുടെ നീക്കം. ഇതിനിടെ ശശീന്ദ്രനും തോമസ് കെതോമസും തമ്മില്‍ കൈകോര്‍ത്തതോടെയാണ് പിസി ചാക്കോയ്ക്കു സ്ഥാനം രാജിവയ്ക്കേണ്ടി വന്നതെന്നും സൂചനയുണ്ട്. തോമസ് കെ തോമസ് സംസ്ഥാന അധ്യക്ഷനാകുന്നതില്‍ ശശീന്ദ്രന്‍ വിഭാഗം പിന്തുണ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
തോമസ് കെ തോമസും പിസി ചാക്കോയും ചേര്‍ന്നാണ് ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഇതിനിടെ കൂറുമാറ്റത്തിന് ഇടത് എംഎല്‍എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തോമസിന് എതിരെ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിച്ചതോടെ മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് തോമസിന് ഉറപ്പായി.
അധ്യക്ഷസ്ഥാനത്തുനിന്ന് പിസി ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിന്റെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോട്ടയം, കോഴിക്കോട് ജില്ലകളിലെ ഒപ്പുശേഖരണം പൂര്‍ത്തിയായിരുന്നു. ദേശീയസെക്രട്ടറി സതീഷ് തോന്നയ്ക്കല്‍ മുഖേന പരാതി അടുത്തയാഴ്ച ദേശീയ നേതൃത്വത്തിന് കൈമാറാനായിരുന്നു തീരുമാനം.
കഴിഞ്ഞ ദിവസം പിസി ചാക്കോ നിയോഗിച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചുമതലയേല്‍ക്കാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ എതിര്‍വിഭാഗം തടഞ്ഞിരുന്നു. സ്ഥാനമൊഴിയില്ലെന്ന നിലപാട് പ്രസിഡന്റ് ആട്ടുകാല്‍ അജി സ്വീകരിച്ചതോടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കസേരകള്‍ ഉള്‍പ്പെടെ എടുത്ത് തമ്മിലടിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്. 2021ലാണ് പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്നത്.