ജെസിബിയുമായി കൊമ്പുകോര്‍ത്ത് കാട്ടാന; ഡ്രൈവര്‍ക്കെതിരെ കേസ്

കൊല്‍ക്കത്ത: കാട്ടാന നാട്ടിലിറങ്ങുന്നത് പതിവാണ്. ദിനംപ്രതി അവ വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്യുന്നു. പലപ്പോഴും അത് മനുഷ്യരെ ആക്രമിക്കുകയും ചിലപ്പോഴൊക്കെ ആനകള്‍ ആള്‍ക്കുട്ട ആക്രമണത്തിന് ഇരയാവുകയും ചെയ്യുന്നു. എന്നാല്‍ നാട്ടിലിറങ്ങിയ കാട്ടാന ജെസിബിയുമായി കൊമ്പുകോര്‍ക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയിലെ ഡാംഡിം പ്രദേശത്തുനിന്നുള്ളതാണ് വീഡിയോ. മസ്തകത്തില്‍ പരിക്കേറ്റതിന് പിന്നാലെ ആന കാട്ടിലേക്ക് മടങ്ങി. സംഭവത്തില്‍ ജെസിബി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലയാതിന് പിന്നാലെയാണ് നടപടി.

ഓടിയെത്തിയ കാട്ടാന ആക്രമിക്കാനെത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കാനായി ഡ്രൈവര്‍ ജെസിബിയുടെ കൈ ഉയര്‍ത്തുകയായിരുന്നു ഇതോടെ ആനയുടെ തല ജെസിബിയുടെ കൈയില്‍ ഇടിച്ചു. തുടര്‍ന്ന് പരിക്കേറ്റ ആന പിന്തിരിയുകയായിരുന്നു. ഇതിന് പിന്നാലെ ഡ്രൈവര്‍ ആനയുടെ പുറകെ ജെസിബി ഓടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഇതോടെയാണ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.

ആനയെ ആക്രമിച്ചത് ന്യായീകരിക്കാനാവില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പേരുടെയും അഭിപ്രായം. 'ആന എത്രമാത്രം ക്രൂരതയാണ് നേരിടുന്നത്. മനുഷ്യ മനസ്സുകള്‍ ഈ മൃഗത്തോട് പെരുമാറുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. ഇക്കാര്യത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

Previous Post Next Post