രഞ്ജി ഫൈനൽ: അർധ സെഞ്ച്വറിയടിച്ച് സച്ചിൻ ബേബി; കരുതലോടെ കേരളം

നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ മൂന്നാം ദിനത്തില്‍ മികച്ച പ്രതിരോധം തീര്‍ത്ത് കേരളം തിരിച്ചടിക്കുന്നു. ആദിത്യ സാര്‍വതെയ്ക്ക് പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും കേരളത്തിനായി അര്‍ധ സെഞ്ച്വറി നേടി. ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭയെ 379 റണ്‍സില്‍ പുറത്താക്കാന്‍ കേരളത്തിനു സാധിച്ചിരുന്നു. മറുപടി തുടങ്ങിയ കേരളം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലാണ്.

3 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. സ്‌കോര്‍ 170ല്‍ നില്‍ക്കെയാണ് നാലാം വിക്കറ്റ് നഷ്ടമായത്. ആദിത്യ സാര്‍വതെ 79 റണ്‍സുമായി മടങ്ങി. രണ്ടാം ദിനം മുതല്‍ മികവോടെ ബാറ്റ് വീശിയ താരം 10 ഫോറുകള്‍ സഹിതമാണ് അവിസ്മരണീയ ഇന്നിങ്‌സ് പുറത്തെടുത്തത്. പിന്നാലെ ക്രീസിലെത്തിയ സല്‍മാന്‍ നിസാര്‍ മികച്ച രീതിയില്‍ ബാറ്റ് വീശുന്നതിനിടെ പുറത്തായി. താരം 21 റണ്‍സെടുത്തു.

സച്ചിന്‍ ബേബി 52 റണ്‍സോടെ ക്രീസില്‍ തുടരുന്നു. വിദര്‍ഭയുടെ സ്‌കോറിനൊപ്പമെത്താന്‍ കേരളത്തിനു 160 റണ്‍സ് കൂടി വേണം. കൈയില്‍ 5 വിക്കറ്റുകളും.

ബാറ്റിങ് തുടങ്ങിയ കേരളത്തിനു തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. അക്ഷയ് ചന്ദ്രന്‍ 14 റണ്‍സിലും രോഹന്‍ കുന്നുമ്മല്‍ റണ്ണൊന്നുമെടുക്കാതെയും മടങ്ങി. ദര്‍ശന്‍ നാല്‍കന്‍ഡെയാണ് ഇരുവരേയും മടക്കിയത്. സ്‌കോര്‍ 107ല്‍ നില്‍ക്കെ അഹമ്മദ് ഇമ്രാന്‍ മടങ്ങിയതോടെ കേരളത്തിനു മൂന്നാം വികറ്റ് നഷ്ടമായി. അഹമ്മദ് 37 റണ്‍സ് കണ്ടെത്തി.

വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 379 റണ്‍സില്‍ പുറത്തായിരുന്നു. ഡാനിഷ് മലേവാര്‍ (153) നേടിയ സെഞ്ച്വറിയും മലയാളി താരം കരുണ്‍ നായര്‍ നേടിയ അര്‍ധ സെഞ്ച്വറി (83)യുടേയും ബലത്തിലാണ് വിദര്‍ഭ മികച്ച സ്‌കോറിലെത്തിയത്.

പത്താമനായി എത്തിയ നചികേത് ഭൂതേയുടെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 350 കടത്തിയത്. താരം 32 റണ്‍സെടുത്തു.

കേരളത്തിനായി എംഡി നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. എന്‍ ബേസില്‍ 2 വിക്കറ്റെടുത്തു. ജലജ് സക്‌സേന ഒരു വിക്കറ്റും സ്വന്തമാക്കി.

Previous Post Next Post