കെജരിവാളിന്റെ 'ചില്ലുകൊട്ടാര'ത്തില്‍ പുതിയ മുഖ്യമന്ത്രി താമസിക്കില്ല; ബിജെപി

ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്കെതിരെ ആയുധമാക്കിയ ശീശ് മഹലില്‍ (ചില്ലു കൊട്ടാരം) ബിജെപിയുടെ പുതിയ മുഖ്യമന്ത്രി താമസിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ. സമീപത്തുള്ള നാല് സര്‍ക്കാര്‍ ഭൂമി ശീശ് മഹലിന്റെ ഭാഗമാക്കിയ നടപടി റദ്ദാക്കണമെന്നും സച്ച്‌ദേവ ലെഫ്റ്റന്റ് ഗവര്‍ണര്‍ വികെ സക്‌സേനയോട് ആവശ്യപ്പെട്ടു. സമീപത്തുള്ള നാല് സര്‍ക്കാര്‍ സ്വത്തുക്കള്‍ ചേര്‍ത്താണ് കെജരിവാള്‍ മുഖ്യമന്ത്രിയുടെ ബംഗ്ലാവ് വികസിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

'ഡല്‍ഹിയിലെ അടുത്ത മുഖ്യമന്ത്രി ആ ചില്ലുകൊട്ടാരത്തില്‍ താമസിക്കില്ല' വീരേന്ദ്ര സച്ച് ദേവ പറഞ്ഞു. കൂട്ടിയെടുത്ത സ്ഥലം എന്തുചെയ്യണമെന്ന് പുതിയ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2015 മുതല്‍ 2024 ഒക്ടോബര്‍ വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജരിവാളിന്റെ ഔദ്യോഗിക വസതിയായിരുന്നു പുതുക്കിപ്പണിത ബംഗ്ലാവ്. ബിജെപിയുടെ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. അതേസമയം, ആഡംബരമായി പുതുക്കി പണിത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് ചില്ലുകൊട്ടാരമെന്ന പേരിട്ട് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പ്രചാരണായുധമാക്കി. അത് തെരഞ്ഞെടുപ്പില്‍ ലക്ഷ്യം കാണുകയും ചെയ്തു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 48 സീറ്റ് നേടിയാണ് പതിനഞ്ചുവര്‍ഷത്തെ ആം ആദ്മി പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ബിജെപി പിടിച്ചത്. 27 വര്‍ഷത്തിനുശേഷമാണ് രാജ്യതലസ്ഥാനം വീണ്ടും ബിജെപി ഭരിക്കുന്നത്.

Previous Post Next Post