വരവ് ക്ഷേത്രത്തിൽ എത്തിയ സമയത്താണ് അപകടമുണ്ടായത് എങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഇങ്ങനെ ആയിരിക്കില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായതെന്നു നാട്ടുകാർ പറയുന്നു. സമീപത്തെ വീടുകളിലുണ്ടായിരുന്നവർ വരവ് കാണുന്നതിനായി വഴിയിലും മറ്റും നിന്നതും ക്ഷേത്രത്തിൽ തിരക്ക് കുറച്ചു.
വരവ് കാണുന്നതിനായി ആളുകൾ ക്ഷേത്രത്തിനു സമീപത്ത് നിൽക്കുമ്പോഴാണ് ആനയോടി എന്ന വാർത്ത പരക്കുന്നത്. ഇതോടെ ആളുകൾ പലവഴിക്കു ചിതറിയോടി. ആന എവിടെ നിന്നു എങ്ങോട്ടാണ് ഓടിയത് എന്നതറിയാതെ ജനങ്ങൾ പരിഭ്രാന്തരായി. പലരും അടുത്ത വീടുകളിലേക്ക് ഓടിക്കയറി. ഓടാൻ സാധിക്കാതെ ചിലർ പേടിച്ചരണ്ട അവസ്ഥയിലായിരുന്നു.
ക്ഷേത്രത്തിൽ നിന്നു ആന പുറത്തേക്ക് ഓടി എന്നറിഞ്ഞതോടെ ക്ഷേത്രത്തിലേക്ക് മുന്നിലേക്കാണ് പലരും ഓടിയെത്തിയത്. അതോടെ അവിടെ ജനങ്ങളുടെ തിക്കും തിരക്കുമായിരുന്നു.
ആനകൾ പരസ്പരം ആക്രമിച്ച സ്ഥലത്തും ഭീതിദമായ സ്ഥിതിയായിരുന്നു. ക്ഷേത്ര നടയിൽ പരിക്കേറ്റവർ രക്തത്തിൽ കുളിച്ചു കിടന്നു. തലയ്ക്കും കാലിനും പരിക്കേറ്റവരെ കിട്ടുന്ന തുണി കൊണ്ടു കെട്ടിയാണ് മാറ്റിയത്. ക്ഷേത്രത്തിനു തെക്കുഭാഗത്തെ ഓഫീസ് കെട്ടിടത്തിനു തൊട്ടടുത്തുള്ള തിടപ്പള്ളി രണ്ടാനകളും ചേർന്നു അപ്പാടെ തകർത്തിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന തിരച്ചിലിലായിരുന്നു പലരും. അതിനകത്തു ആരുമില്ലെന്നു ഉറപ്പാക്കി.
പരിക്കേറ്റ പലരും ക്ഷേത്രത്തിന്റെ നടപ്പന്തലിൽ തന്നെയായിരുന്നു. ചിലർ കിടക്കുന്നു, ചിലർ ഇരിക്കുന്നു. ദയനീയമായിരുന്നു പരിക്കേറ്റ പലരുടേയും അവസ്ഥ. ഒന്നനങ്ങാൻ പോലും സാധിക്കാതെ ഭീതിയുടെ പിടിയിലായിരുന്നു അവർ. സമീപത്തു താമസിക്കുന്ന പലരും വാഹനങ്ങളുമായി എത്തി. പിന്നാലെ ആംബുലൻസുകളും എത്തി. ഇതോടെ എല്ലാവരും തുടക്കത്തിലെ അങ്കലാപ്പ് മാറ്റി ഉണർന്നു പ്രവർത്തിച്ചു. പിന്നാലെ പരിക്കേറ്റ ഓരോരുത്തരെയായി ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.
കാഴ്ചവരവ് ക്ഷേത്രത്തിനു പിന്നിൽ എത്തിയതോടെ മിനിറ്റുകളോളം നീണ്ട പടക്കം പൊട്ടലാണ് ആനകൾ ആക്രമാസക്തരായി മാറാൻ കാരണമെന്നു പറയുന്നു. ആനകളിൽ ഒന്ന് മറ്റൊന്നിനെ കുത്തുകയായിരുന്നു. കുത്തേറ്റ ആന തിടപ്പള്ളിയിലേക്ക് ഇടിച്ചു കയറി. കെട്ടിടം പൂർണമായി തകർത്തു.
തിടപ്പള്ളിയ്ക്കു മുന്നിൽ ഇരുന്നവരിൽ ചിലർക്ക് ആനകളുടെ ചവിട്ടേറ്റിരിക്കാം. തിടപ്പള്ളിയുടെ ചുമരും മേൽക്കൂരയും തകർന്നു ഇരിക്കുന്നവരുടെ മേൽ പതിച്ചതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. താലപ്പൊലിക്കു കൊണ്ടു പോകാൻ വേണ്ടിയാണ് ആനകളെ ക്ഷേത്ര നടയിൽ തയ്യാറാക്കി നിർത്തിയിരുന്നത്. അതിനിടെയാണ് പടക്കം പൊട്ടിച്ചതും ആനകൾ വിരണ്ടതും.