'റെയില്‍ പാളത്തില്‍ ടെലിഫോണ്‍ പോസ്റ്റ് വച്ചത് മുറിച്ച്‌ വിറ്റ് പണമുണ്ടാക്കാൻ; ട്രെയിൻ പോകുമ്ബോള്‍ മുറിയുമെന്ന് കരുതി'; പ്രതികള്‍

കുണ്ടറയില്‍ റെയില്‍ പാളത്തില്‍ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായ പ്രതികളുടെ മൊഴി പുറത്ത്.
'പോസ്റ്റ് മുറിച്ച്‌ ആക്രിയാക്കി വിറ്റ് പണമാക്കുകയായിരുന്നു ഉദ്ദേശ്യമെന്നും അതിനുവേണ്ടിയാണ് പോസ്റ്റ് പാളത്തില്‍ കൊണ്ടുപോയി വച്ചതെന്നും' പ്രതികള്‍ പൊലീസിനോട് പറഞ്ഞതായി വിവരം. ട്രെയിൻ കടന്നുപോകുമ്ബോള്‍ പോസ്റ്റ് മുറിയുമെന്ന ധാരണയിലാണ് കൊണ്ടുവച്ചതെന്നും പിടിയിലായവർ പറഞ്ഞു.

മുൻപും ഇവർക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്ളതായി പൊലീസ് അറിയിച്ചു. ഒരാള്‍ക്കെതിരെ 11 ക്രിമിനല്‍ കേസുകളും മറ്റൊരാള്‍ക്കെതിരെ 5 ക്രിമിനല്‍ കേസുകളുമുണ്ട്. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്ബുഴ സ്വദേശി അരുണ്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്തു വരുകയാണെന്ന് കൊല്ലം റൂറല്‍ എസ്പി സാബു മാത്യു അറിയിച്ചു
കുണ്ടറയില്‍ ഇന്ന് പുലർച്ചെ രണ്ടിനാണ് റെയില്‍ പാളത്തിനു കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയത്. എഴുകോണ്‍ പൊലീസ് എത്തിയാണ് പോസ്റ്റ് നീക്കം ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയില്‍ സമീപത്തെ സിസിടിവിയില്‍ നിന്ന് രണ്ട് പേരുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.
Previous Post Next Post