ഒടുവിൽ കോഹ്ലി തിളങ്ങി; പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

പാകിസ്ഥാനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
42.3 ഓവറില്‍ ഇന്ത്യ 244 റണ്‍സെടുത്താണ് ജയമുറപ്പിച്ചത്. ഇന്ത്യ ആറ് വിക്കറ്റ് ജയമാണ് ആഘോഷിച്ചത്. ജയത്തോടെ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പിച്ചു. പാകിസ്ഥാന്റെ ടൂര്‍ണമെന്റിലെ നിലനല്‍പ്പ് ത്രിശങ്കുവിലായി.

ഇന്ത്യക്കായി വിരാട് കോഹ്‌ലി കിടിലന്‍ സെഞ്ച്വറിയുമായി കളം വാണു. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയും നേടി.

ഫോറടിച്ച്‌ വിരാട് കോഹ്‌ലി സെഞ്ച്വറി തികച്ചു. താരത്തിന്റെ 51ാം ഏകദിന സെഞ്ച്വറി. ഒപ്പം ഇന്ത്യയുടെ തകര്‍പ്പന്‍ ജയവും ഉറപ്പിച്ചു. 111 പന്തുകള്‍ നേരിട്ട് 7 ഫോറുകള്‍ സഹിതം കോഹ്‌ലി 100 റണ്‍സുമായി പുറത്താകാതെ നിന്നു. ഒപ്പം 3 റണ്‍സുമായി അക്ഷര്‍ പട്ടേലും.

ശ്രേയസ് 67 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സ് കണ്ടെത്തി. ഹര്‍ദിക് പാണ്ഡ്യയാണ് (8) പുറത്തായ മറ്റൊരു താരം.

വിജയത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി രോഹിത് 15 പന്തില്‍ 3 ഫോറും ഒരു സിക്സും പറത്തി മിന്നല്‍ തുടക്കമാണ് നല്‍കിയത്. എന്നാല്‍ താരത്തെ ഷഹീന്‍ ഷാ അഫ്രീദി ബൗള്‍ഡാക്കി.

രണ്ടാം വിക്കറ്റായി ഗില്ലിനെയാണ് നഷ്ടമായത്. അര്‍ധ സെഞ്ച്വറിയിലേക്ക് നീങ്ങുന്നതിനിടെ ഗില്ലിനെ അബ്രാര്‍ അഹമ്മദ് ക്ലീന്‍ ബൗള്‍ഡാക്കി. താരം 52 പന്തില്‍ 7 ഫോറുകള്‍ സഹിതം 46 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന് വിചാരിച്ച പോലെ റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചില്ല. അമിത പ്രതിരോധത്തിലൂന്നിയ മുന്‍നിര ബാറ്റിങ് നിരയുടെ പ്രകടനം അവരെ ചതിച്ചു. അവര്‍ 49.4 ഓവറില്‍ 241 റണ്‍സിനു പുറത്തായി. ഖുഷ്ദില്‍ ഷായുടെ ചെറുത്തു നില്‍പ്പാണ് പൊരുതാവുന്ന സ്‌കോറിലേക്ക് അവരെ നയിച്ചത്. താരം 2 സിക്സുകള്‍ സഹിതം താരം 38 റണ്‍സെടുത്തു മടങ്ങി.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. രണ്ട് പേര്‍ റണ്ണൗട്ടായി.

പാക് നിരയില്‍ സൗദ് ഷക്കീല്‍ അര്‍ധ സെഞ്ച്വറി നേടി മടങ്ങി. താരം 5 ഫോറുകള്‍ സഹിതം 76 പന്തില്‍ 62 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനാണ് തിളങ്ങിയ മറ്റൊരാള്‍. താരം 46 റണ്‍സ് കണ്ടെത്തി. റിസ്വാനെ അക്ഷര്‍ പട്ടേലും സൗദ് ഷക്കീലിനെ ഹര്‍ദിക് പാണ്ഡ്യയുമാണ് പുറത്താക്കിയത്.
Previous Post Next Post