നിർണായകമായ സെഞ്ച്വറിയടിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ; രഞ്ജി സെമിയിൽ കേരളം മികച്ച സ്‌കോറിലേക്ക്

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ ഉജ്ജ്വല സെഞ്ച്വറിയുമായി കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്‍. താരത്തിന്റെ കരുത്തുറ്റ ബാറ്റിങ് മികവില്‍ കേരളം ഒന്നാം ഇന്നിങ്‌സില്‍ 300 കടന്നു. രവി ബിഷ്ണോയ് എറിഞ്ഞ ഓവറിൽ മൂന്ന് ഫോറുകൾ സഹിതം 14 റൺസ് അടിച്ച് അസ്​ഹറുദ്ദീൻ 85 റൺസിൽ നിന്നു അതിവേ​ഗം 99 റൺസിലെത്തി.

175 പന്തുകള്‍ നേരിട്ട് 13 ഫോറുകള്‍ തൊങ്ങല്‍ ചാര്‍ത്തിയാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ ശതകം (100) തൊട്ടത്. താരത്തിനൊപ്പം 36 റണ്‍സുമായി സല്‍മാന്‍ നിസാറും ക്രീസില്‍. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയില്‍.

4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിനം തുടങ്ങിയത്. ആദ്യ ദിനത്തില്‍ കേരളത്തെ മിന്നും ബാറ്റിങ്ങുമായി മുന്നോട്ടു നയിച്ച ക്യാപ്റ്റന്‍ സച്ചിന്‍ ബേബി രണ്ടാം ദിനത്തില്‍ തുടക്കം തന്നെ പുറത്തായി. 195 പന്തുകള്‍ പ്രതിരോധിച്ച് സച്ചിന്‍ 69 റണ്‍സെടുത്തു

അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്സേന എന്നിവര്‍ 30 വീതം റണ്‍സെടുത്തു പൊരുതി നിന്നു. മൂവരും ആദ്യ ദിനത്തില്‍ തന്നെ പുറത്തായിരുന്നു. വരുണ്‍ നായനാരാണ് (10) പുറത്തായ മറ്റൊരു കേരള താരം.

ഗുജറാത്തിനായി അസന്‍ നഗ്വാസ്വല്ല രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. രവി ബിഷ്ണോയ്, പ്രിയജിത് സിങ് ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Previous Post Next Post