വീണ്ടും ഒരു റൺ; ചരിത്രത്തിൽ ആദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക്


​ഗുജറാത്ത്: അഹമ്മദാബാദ്: രഞ്ജിട്രോഫിയില്‍ കേരളത്തിന് ചരിത്ര നേട്ടം. സെമി ഫൈനലിലെ സൂപ്പര്‍ ക്ലൈമാക്‌സില്‍ ഗുജറാത്തിനെതിരെ ഒന്നാമിന്നിങ്‌സ് നേടിയ കേരളം നടാടെ ഫൈനലില്‍ കടന്നു. ഒന്നാമിന്നിങ്‌സ് ലീഡിന്റെ കരുത്തിലാണ് കേരളത്തിന്റെ മുന്നേറ്റം. അവസാന ദിവസം മൂന്നു വീക്കറ്റുകളും വീഴ്ത്തിയ ആദിത്യ സര്‍വതെയാണ് കേരളത്തെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. രണ്ടു റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്. 

മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്ന ടീം ഫൈനലില്‍ ഇടം നേടുമായിരുന്നു. അതു കൊണ്ടു തന്നെ ലീഡ് നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. രാവിലെ തന്നെ അര്‍ധ സെഞ്ച്വറി നേടിയ ജയ്മീത് പട്ടേലിനെ പുറത്താക്കി കേരളം പ്രതീക്ഷ സജീവമാക്കി.

177 പന്തില്‍ 79 റണ്‍സെടുത്ത പട്ടേലിനെ ആദിത്യ സര്‍വതെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നടത്തിയ മിന്നല്‍ സ്റ്റംപിങ്ങിലൂടെയാണ് പുറത്താക്കിയത്. ഗുജറാത്ത് ടീം സ്‌കോര്‍ 436 ല്‍ നില്‍ക്കെയാണ് ജയ്മീത് പട്ടേല്‍ പുറത്താകുന്നത്.

പിന്നാലെ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ, സിദ്ധാര്‍ഥ് ദേശായിയെയും സര്‍വതെ പുറത്താക്കി. 164 പന്തില്‍ 30 റണ്‍സെടുത്ത ദേശായിയെ സര്‍വതെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ പട്ടേല്‍-ദേശായി സഖ്യം നേടിയ 79 റണ്‍സാണ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.

കേരളം ഒന്നാമിന്നിങ്‌സില്‍ 457 റണ്‍സാണ് നേടിയിരുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69 റണ്‍സ്), സല്‍മാന്‍ നിസാര്‍ (52 റണ്‍സ്) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.

Previous Post Next Post