കോട്ടയം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ 1994 ഒക്ടോബർ മുതൽ 2024 ഓഗസ്റ്റ് വരെ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ അവസരം. ഈ കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കുന്നതിനും നിശ്ചിത സമയപരിധിക്കു ശേഷം വിടുതൽ സർട്ടിഫിക്കറ്റ് ചേർത്തതുമൂലം സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കു സീനിയോറിറ്റി പുനസ്ഥാപിക്കുന്നതിനും കഴിയും.
രജിസ്ട്രേഷൻ പുതുക്കൽ സംബന്ധിച്ച നടപടികൾ ഓൺലൈൻ പോർട്ടലിന്റെ (www.eemployment.kerala.gov.in) ഹോം പേജിൽ നൽകിയിട്ടുള്ള special renewal ഓപ്ഷൻ വഴി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് 2025 ഏപ്രിൽ 30 വരെ നടത്താം. ഓഫീസിൽ നേരിട്ടു ഹാജരായും പുതുക്കാവുന്നതാണ്. പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതകൾ ചേർത്ത്, എറണാകുളം പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിലവിലുള്ള എംപ്ലോയ്മെന്റ് രജിസ്ടേഷ്രൻ പുതുക്കാൻ വിട്ടുപോയവർക്കും ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് പുതുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.