ഇന്ന് രാവിലെ അമൃത്സര്‍ വിമാനത്താവളത്തിലായിരിക്കും വിമാനം ഇറങ്ങുക. യുഎസ് സൈനിക വിമാനത്തില്‍ 205 ഇന്ത്യക്കാർ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍. തിരിച്ചയച്ചവരില്‍ ഏറെയും പഞ്ചാബില്‍നിന്നും, സമീപ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണെന്നാണ് സൂചന.
സി-17 വിമാനം യാത്രക്കാരുമായി ടെക്സസ് വിമാനത്താവളത്തില്‍നിന്നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. 205 യാത്രക്കാർക്ക് ഇരിക്കാവുന്ന വിമാനത്തില്‍ ഒരു ടോയ്‌ലറ്റ് മാത്രമേയുള്ളൂവെന്നും റിപ്പോർട്ടില്‍ പറയുന്നു.ഇന്ത്യയില്‍ ഇറങ്ങുന്നതിന് മുമ്ബ് ജര്‍മനിയിലെ റാംസ്റ്റെയിനില്‍ വിമാനം ഇന്ധനം നിറയ്ക്കാന്‍ ഇറക്കിയിരുന്നു. വിമാനത്താവളത്തില്‍ വൻ സുരക്ഷ നടപടികളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഓരോ ഇന്ത്യൻ പൗരനെയും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് തിരിച്ചയച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അമൃത്സറിലെത്തുന്ന വിമാനത്തിലെ യാത്രക്കാർ ഇന്ത്യയില്‍ന്നുള്ളവർ തന്നെയാണോ ഇവരെന്ന് പരിശോധിച്ച് തുടർ നടപടികള്‍ സ്വീകരിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങള്‍ അറിയിച്ചത്.
ഇന്ത്യക്കാരടക്കം 5,000-ഓളം അനധികൃത കുടിയേറ്റക്കാരെയാണ് ആദ്യഘട്ടത്തില്‍ അമേരിക്ക തിരിച്ചയയ്ക്കുന്നത്. ഇന്ത്യക്ക് പുറമേ ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ആളുകളെ അമേരിക്ക കയറ്റിയയച്ചത്. യുഎസില്‍ 8,000-ത്തോളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുണ്ടെന്നാണ് പ്രാഥമിക കണക്ക്.