വെള്ളറടയില്‍ വൃദ്ധനായ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിർണായകവെളിപ്പെടുത്തലുമായി അമ്മ സുഷമ കുമാരി.
വെള്ളറട കിളിയൂർ ചരുവിളാകം ബംഗ്ലാവില്‍ ജോസിനെയാണ് (70), ബുധനാഴ്ച രാത്രി 9.30ഓടെ മകൻ പ്രജിൻ (29) വെട്ടിക്കൊലപ്പെടുത്തിയത്.
'പ്രജിൻ കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയിരുന്നു. മുറി പൂട്ടിയതിനുശേഷമേ പുറത്തിറങ്ങാറുള്ളൂ. അവന്റെ മുറിയില്‍ കയറാൻ സമ്മതിക്കില്ല. കയറിയാല്‍ ഭീഷണിപ്പെടുത്തും. മകൻ പുറത്തിറങ്ങിയാല്‍ എനിക്ക് ഭയമാണ്. അടുത്തത് ഞാനോ മകളോ ആയിരിക്കും. മുറിയില്‍ നിന്ന് ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്‌ദം കേള്‍ക്കുമായിരുന്നു. മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ളാക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിയുന്നത്. മകൻ ജയിലില്‍ നിന്ന് പുറത്തുവന്നാല്‍ എന്നെയും കൊല്ലും'- എന്നാണ് സുഷമ കുമാരിയുടെ വാക്കുകള്‍.
സംഭവദിവസം രാത്രി പുറത്തുപോയി വന്ന പ്രജിൻ ഹാളില്‍ കിടക്കുകയായിരുന്ന ജോസിനെ കരുതിക്കൂട്ടിയാണ് വെട്ടിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് നിരവധി തവണ കഴുത്തിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞിരുന്നു. ജോസും ഭാര്യ സുഷമ കുമാരിയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവിനെ വെട്ടുന്നതുകണ്ട് മാതാവ് മകനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവത്തിനുശേഷം പ്രജിൻ വെള്ളറട പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു. ജീവിക്കാനാവശ്യമായ സ്വാതന്ത്ര്യവും പണവും അച്ഛൻ തരാത്തതില്‍ പെട്ടെന്നുതോന്നിയ വിരോധമാണ് കാരണമെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്.