'പറഞ്ഞത് കേരളത്തെക്കുറിച്ചല്ലേ, പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ കുറിച്ചല്ലല്ലോ'; തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി

കൊച്ചി: സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇടതുസര്‍ക്കാരിനെ പുകഴ്ത്തിയ ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശശി തരൂര്‍ പറഞ്ഞത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. തരൂരിന്റെ വാക്കുകള്‍ക്ക് ഒരു രാഷ്ട്രീയ നിറവും നല്‍കേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പിണറായി തരൂരിനെ പിന്തുണച്ചത്.

തരൂര്‍ പറഞ്ഞത്, കേരളത്തെക്കുറിച്ചാണ്, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചോ സര്‍ക്കാരിനെക്കുറിച്ചോ അല്ല. കനത്ത പ്രതിസന്ധികള്‍ക്കിടയിലും നമ്മുടെ സംസ്ഥാനം നേടിയ വളര്‍ച്ചയില്‍ എല്ലാ കേരളീയരും അഭിമാനിക്കണം. മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതില്‍ വലിയ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. കേരളത്തിലേക്ക് വരുന്ന ഒരു നിക്ഷേപകനും നടപടിക്രമങ്ങളുടെ കാലതാമസമോ, ചുവപ്പുനാടയുടെ തടസ്സങ്ങളോ നേരിടേണ്ടിവരില്ലെന്നും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

2023-24ല്‍ സംസ്ഥാനത്തിന്റെ സ്വന്തം വരുമാനം 90,674.97 കോടി രൂപയാണ്. കേന്ദ്ര നികുതികളിലും ഗ്രാന്റുകളിലുമുള്ള വിഹിതം വെറും 33,811.18 കോടി രൂപയാണ്. അതായത്, സംസ്ഥാനത്തിന്റെ ആകെ വരുമാനമായ 1,24,486.15 കോടി രൂപയില്‍, സംസ്ഥാന വിഹിതം 73 ശതമാനമാണ്. കേന്ദ്ര വിഹിതം തുച്ഛമായ 27 ശതമാനമാണ്. മുഖ്യമന്ത്രി പറഞ്ഞു.

Previous Post Next Post