അനന്തുവിന്റെ അക്കൗണ്ട് സത്യസന്ധവും സുതാര്യവും; എല്ലാം ഡയറിയിലുണ്ട്: ലാലി വിന്‍സെന്റ്

കൊച്ചി: പാതിവില തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രതി അനന്തു കൃഷ്ണന്റെ പേഴ്‌സണല്‍ ഡയറിയില്‍ എല്ലാ വിവരങ്ങളും ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവും അനന്തുവിന്റെ നിയമോപദേശകയുമായ ലാലി വിന്‍സെന്റ്. മൂവാറ്റുപുഴയിലെ കേസ് വ്യാജമാണ്. ഏഴരക്കോടിയെന്ന കണക്ക് എങ്ങനെ വന്നുവെന്നും പണം നല്‍കിയവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അനന്തു കൃഷ്ണന്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.

കേസില്‍ അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മൂവാറ്റുപഴ ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മാറ്റിവച്ചു. 71 ലക്ഷം രൂപ പരാതിക്കാര്‍ക്ക് നല്‍കിയിരുന്നതായും നിലവില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസില്‍ ആരോപണം നേരിടുന്ന ലാലി വിന്‍സെന്റാണ് കോടതിയില്‍ ഹാജരായത്.

'അനന്തുവിന്റെ അക്കൗണ്ടിലേക്ക് പൈസയിട്ടുവെന്ന് യാതൊരു തെളിവുമില്ലാതെ കളവായി പറഞ്ഞ ഒരു എഫ്‌ഐആര്‍ ആണ് ഇത്. പൊലീസ് എടുത്ത കേസില്‍ വലിയ വലിയ അനാസ്ഥകളുണ്ട്. പ്രമീളയും റെജിയും പറയുന്ന സൊസൈറ്റിയുടെ കണക്ക് നോക്കുമ്പോള്‍ അവര്‍ക്ക് ആകെ തിരിച്ചുകൊടുക്കാനുള്ളത് 55 ലക്ഷം മാത്രമാണ്. ഏഴരക്കോടിയുടെ കണക്ക് എവിടെ നിന്നാണ് വന്നതെന്ന് അവര്‍ തന്നെ തെളിയിക്കേണ്ടി വരും. അനന്തുകൃഷ്ണന്റെ അക്കൗണ്ട് വളരെ സുതാര്യവും സത്യസന്ധവുമാണ്. കിട്ടിയ പണത്തില്‍ നിന്ന് ബിസിനസ് ചെയ്തതിന്റെ കണക്ക് ഉണ്ട്' ലാലി വിന്‍സെന്റ് പറഞ്ഞു

'അനന്തുകൃഷ്ണന്‍ പുറത്തിറങ്ങിയാല്‍ സിഎസ്ആര്‍ ഫണ്ടിന്റെ കാര്യത്തിലും എന്‍ജിഒ പ്രൊജക്ടറ്റിന്റെ കാര്യത്തിലും വലിയ കമ്പനികളുമായി ബന്ധപ്പെട്ട് സിഎസ്ആര്‍ ഫണ്ട് കൊണ്ടുവരാന്‍ ശ്രമിക്കും. അയാള്‍ ഇത് നന്നായി പഠിച്ചിട്ടുണ്ട്. സിഎസ്ആര്‍ ഫണ്ടിനെ കുറിച്ച് നന്നായി അറിയാവുന്ന ഒരാള്‍ അനന്തുവാണ്. റെജി എന്ന വ്യക്തിക്ക് എങ്ങനെയാണ് ഏഴരക്കോടി ജനറേറ്റ് ചെയ്ത് ഇടാന്‍ സാധിക്കുക. അനന്തുകൃഷ്ണന്‍ എന്നയാളുടെ പേഴ്‌സണല്‍ അക്കൗണ്ടില്‍ ഒരുരൂപ പോലും റെജി ഇട്ടിട്ടില്ല. ആരും ഇട്ടിട്ടില്ല' ലാലി വിന്‍സെന്റ് പറഞ്ഞു.

Previous Post Next Post