കൊളംബോ: ശ്രീലങ്കയുടെ വൈദ്യുത സബ് സ്‌റ്റേഷനില്‍ കുരങ്ങ് അതിക്രമിച്ച് കയറിയതിനാല്‍ രാജ്യം മുഴുവന്‍ ഇരുട്ടിലായി. ശ്രീലങ്കയിലുടനീളം വൈദ്യുതി മുടങ്ങി. ഞായറാഴ്ച രാവിലെ 11.30 മുതല്‍ തുടങ്ങിയ വൈദ്യുതി തടസം ചൊവ്വാഴ്ചയും പരിഹരിക്കാനായിട്ടില്ല.
ഒരു കുരങ്ങ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയതിനെ തുടര്‍ന്ന് വൈദ്യുത സംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്കു കാരണമെന്ന് ഊര്‍ജമന്ത്രി കുമാര ജയകൊടി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. എത്രയുംവേഗം സേവനം പുനഃസ്ഥാപിക്കാന്‍ എന്‍ജിനിയര്‍മാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തെക്കന്‍ കൊളംബോയിലാണ് സംഭവമുണ്ടായത്. ചില പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും തകരാര്‍ പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്ത് 90 മിനിറ്റുവരെ പവര്‍കട്ട് തീരുമാനിച്ചിരിക്കുകയാണ് സിലോണിലെ വൈദ്യുത ബോര്‍ഡ്. രണ്ട് സ്ലോട്ടുകളിലായി ഉച്ചയ്ക്ക് മൂന്നിനും രാത്രി 9.30നുമാണ് പവര്‍കട്ട്.
പെട്ടെന്നുണ്ടായ വൈദ്യുതി മുടക്കം ലക്വിജയ പവര്‍ സ്‌റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമായെന്ന് വൈദ്യുത ബോര്‍ഡ് പ്രസ്താവനയില്‍ പറയുന്നു. 2022ലെ വേനല്‍ക്കാലത്തും രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായപ്പോഴും ഇവിടെ മാസങ്ങളോളം വൈദ്യുതി തടസ്സം നേരിട്ടിരുന്നു.