മദ്യലഹരിയില്‍ യുവാവിന്റെയും യുവതിയുടെയും പരാക്രമം; പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്തു; കത്തികാട്ടി ഭീഷണി; അറസ്റ്റ്

കൊച്ചി: പാലാരിവട്ടം സംസ്‌കാര ജങ്ഷനില്‍ നടുറോഡില്‍ കത്തിയുമായി പരാക്രമം കാണിച്ച യുവാവും യുവതിയും അറസ്റ്റില്‍. പാലാരിവട്ടം സ്വദേശി പ്രവീണും കോഴിക്കോട് സ്വദേശി റെസ്‌ലിനുമാണ് പിടിയിലായത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ഇവര്‍ കാത്തികാട്ടി നാട്ടുകാരെ ആക്രമിച്ചതും ഭീഷണിപ്പെടുത്തിയതും. ഇത് തടയാനെത്തിയ പൊലീസ് വാഹനം ഇരുവരും ചേര്‍ന്ന് അടിച്ചു തകര്‍ത്തു.

ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായും പൊലീസ് വാഹനത്തിന് കേടുപാടുകള്‍ വരുത്തിയതായും പൊലീസ് പറഞ്ഞു. രാത്രി പന്ത്രണ്ടരയോടെ സംസ്‌കാര ജങ്ഷന് സമീപത്തുവച്ച് പ്രവീണും റെസ്‌ലിനും ചേര്‍ന്ന് വഴിയാത്രക്കാരെ ആക്രമിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തകയും ചെയ്തതറിഞ്ഞാണ് സ്ഥലത്തെത്തിയത്. 23കാരിയായ റെസ്‌ലിനെ പിടികൂടുമ്പോള്‍ വനിതാ പൊലീസ് ഉണ്ടെങ്കിലേ കസ്റ്റഡിയിലെടുക്കാനാവൂ എന്ന് പറഞ്ഞ് തര്‍ക്കമായി. അതിനിടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കൊണ്ട് യുവതി പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

യുവതിയുടെ ആക്രമണത്തില്‍ കാറിന് പതിനയ്യായിരം രൂപയുടെ നാശനഷ്ടമുണ്ടായതായും പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു.

Previous Post Next Post