രാജസ്ഥാനില്‍ നിന്ന് മൂന്നാറില്‍ അവധി ആഘോഷിക്കാനെത്തി നെടുമ്ബാശേരി വിമാനത്താവളത്തില്‍ കാത്തിരിക്കുന്നതിനിടെയാണ് മാലിന്യക്കുഴിയില്‍ വീണു മൂന്ന് വയസുകാരന്‍ റിദാന്‍ ജാജു മരിച്ചത്.
ജയ്പൂരില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 11.30 നാണ് ഏഴംഗ കുടുംബം നെടുമ്ബാശേരിയില്‍ വിമാനമിറങ്ങിയത്.
ആഭ്യന്തര ടെർമിനലില്‍ നിന്ന് പുറത്തെത്തി ടൂർ ഏജൻസിക്കായി കാത്തിരിക്കുന്നതിനിടെയാണു ഭക്ഷണം കഴിക്കാനായി സമീപത്തെ കഫറ്റീരിയയിലേക്ക് കുടുംബം കയറിയത്. ഇതിനിടെയായിരുന്നു അപകടം. നാല് വയസുകാരനായ സഹോദരനൊപ്പം കളിക്കുന്നതിനിടെയാണു റിദാന്‍ മാലിന്യക്കുഴിയില്‍ വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാലിന്യക്കുഴിയുടെ ഒരു വശത്തു കെട്ടിടവും മറ്റു മൂന്നു വശങ്ങളിലും ബൊഗേൻവില്ല ചെടികള്‍ കൊണ്ടുള്ള വേലിയുമാണ് ഉണ്ടായിരുന്നത്. മാലിന്യക്കുഴിക്കു മറയായി ഉണ്ടായിരുന്നതു രണ്ടടിയില്‍ താഴെ ഉയരമുള്ള മതിലും. കുട്ടിയെ കാണാതായതിനു പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി പരിശോധിച്ചപ്പോഴാണു കുട്ടി വേലി കടന്നുപോയതായി തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്തെങ്കിലും വായില്‍ ഉള്‍പ്പെടെ മാലിന്യം ഉണ്ടായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.