നാളെ നരേന്ദ്രമോദി ത്രിവേണിയില്‍ പുണ്യസ്‌നാനം ചെയ്യും

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് നടക്കുന്ന ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മഹാകുംഭമേളയ്‌ക്കെത്തി ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. ബുധനാഴ്ച രാവിലെ പതിനൊന്നിനും പതിനൊന്നരയ്ക്കും ഇടയിലാണ് പുണ്യസ്‌നാനം നടത്തുക. ഇതിന്റെ ഭാഗമായി രാവിലെ പത്തുമണിയോടെ പ്രധാനമന്ത്രി പ്രയാഗ് രാജ് വിമാനത്താവളത്തിലെത്തും.

മൗനി അമാവാസിയോടനുബന്ധിച്ച് അമൃത് സ്‌നാനിനിടെ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിക്കുകയും 60 ഭക്തര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മോദിയുടെ സന്ദര്‍ശനം.

പ്രയാഗ് രാജ് വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം നരേന്ദ്ര മോദി അറെയില്‍ ഘാട്ടിലെത്തും. അവിടെ നിന്ന് മഹാകുംഭമേളയില്‍ പങ്കെടുക്കാനായി ബോട്ടില്‍ യാത്രതിരിക്കും. ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം നടത്തി അവിടെനിന്ന് 10.45ന് മടങ്ങും. പന്ത്രണ്ടരയ്ക്ക് മോദി പ്രയാഗ് രാജ് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി മോദി സന്യാസിമാരുമായി സംവദിക്കുമെന്നും, മഹാകുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര മന്ത്രി കിരണ്‍ റിജിജു, മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പേരാണ് ഇതിനകം ത്രിവേണിയില്‍ പുണ്യസ്‌നാനം നടത്തിയത്.

Previous Post Next Post