'കേരളത്തോട് പുച്ഛമാണ് അവര്‍ക്ക്: ഇവരുടെ തറവാട്ടില്‍ നിന്നുകൊണ്ടു തരുന്നതല്ല; ഏതുകാലത്താണ് ഇവരൊക്കെ ജീവിക്കുന്നത്'

കൊച്ചി: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും സമീപനം എന്താണെന്നു തെളിയിക്കുന്നതാണ് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോര്‍ജ് കുര്യന്റെയും പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അത്രയേറെ അപക്വമാണ് ഇരുവരുടെയും പ്രസ്താവനകളെന്നും കേരളത്തോട് അവര്‍ക്ക് പുച്ഛമാണെന്നും സതീശന്‍ പറഞ്ഞു.

'കേരളത്തെ പിന്നാക്ക സംസ്ഥാനമായി പ്രഖ്യാപിച്ചാല്‍ സഹായം അനുവദിക്കാമെന്നാണ് ജോര്‍ജ് കുര്യന്‍ പറഞ്ഞത്. ഇവരുടെ തറവാട്ടില്‍ നിന്ന് എടുത്തുകൊണ്ടു തരുന്ന ഔദാര്യമല്ല ഇതെന്നു ഓര്‍ക്കണം. സംസ്ഥാനം നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നുള്ള വിഹിതമാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് അത് തീരുമാനിക്കുന്നത്. എന്നാല്‍ ഇവരുടെ വാക്കുകള്‍ കേട്ടാല്‍ എന്തോ ഔദാര്യം തരുന്നതു പോലെയാണ്. തങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ ഇഷ്ടമുള്ളത്ര കൊടുക്കും, ഇല്ലെങ്കില്‍ ഇല്ല എന്നതാണ് മനോഭാവം'മെന്നും സതീശന്‍ പറഞ്ഞു.

'ഉന്നതകുലജാതര്‍ വേണം ആദിവാസി വകുപ്പ് മന്ത്രിയാകാനെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഏത്രത്തോളം കാലഹരണപ്പെട്ട ചിന്തയാണെന്നു തെളിയിക്കുന്നു. ഏതു കാലത്താണ് ഇവരൊക്കെ ജീവിക്കുന്നതെന്നും' സതീശന്‍ ചോദിച്ചു.

Previous Post Next Post