ഈ സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ചെന്നും ധനമന്ത്രി പറഞ്ഞു. റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നല്‍കുന്ന വിഹിതവും വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിര്‍മാണം ഉള്‍പ്പെടെ നടത്തേണ്ടതുണ്ടെന്നും ഇതിന് ആവശ്യമായ ഇടപെടലിനായി സംസ്ഥാനം മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി കേരളാ ബജറ്റില്‍ അനുവദിച്ചു. വനം-വന്യജീവി സംരക്ഷണത്തിന് 305.61 കോടിയും അനുവദിച്ചു. കോട്ടൂര്‍ ആന സംരക്ഷണ കേന്ദ്രത്തിന് രണ്ടുകോടിയും തെരുവുനായ അക്രമം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്ക് രണ്ട് കോടിയും അനുവദിച്ചതായും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി വ്യക്തമാക്കി
സഹകരണ ഭവന പദ്ധതി
നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ ഭവനം യാഥാര്‍ഥ്യമാക്കാന്‍ സഹകരണ ഭവന പദ്ധതിപ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. നഗര, ഗ്രാമ പ്രദേശങ്ങളിലെ ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നമ്മുടെ നഗരങ്ങളില്‍ ഒരു ലക്ഷം ഭവനങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. വലിയ തോതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് പ്രയോജനം ചെയ്യും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നി നഗരങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഭവന പദ്ധതികളുടെ മാതൃകയില്‍ ബഹുനില അപ്പാര്‍ട്ടുമെന്റുകളും സമുച്ചയങ്ങളും കുറഞ്ഞത് 20 ഭവനങ്ങളുള്ള റെഡിസന്‍ഷ്യല്‍ ക്ലസ്റ്ററുകളുമാണ് നിര്‍മ്മിക്കുക. ഉപഭോക്താക്കളുടെ സഹകരണ സൊസൈറ്റികള്‍ക്ക് ഡവലപ്പര്‍മാരുടെ ചുമതലയാണ് ഇതില്‍ ഉണ്ടാവുക.തദ്ദേശ സ്വയംഭരണ, ഹൗസിങ്, സഹകരണ വകുപ്പുകള്‍ സഹകരിച്ച് വിശദമായ പദ്ധതി രൂപീകരിക്കും. ഭവന വായ്പയ്ക്കായി പലിശയിളവ് നല്‍കുന്നതിന് ബജറ്റില്‍ ഈ വര്‍ഷം 20 കോടി നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.
ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍
വാര്‍ധക്യകാലത്തെ സജീവമാക്കുന്നതിനായി സംസ്ഥാനത്തെ നിലവിലുള്ള പാര്‍ക്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ കൂടി സജ്ജീകരിച്ച് മള്‍ട്ടി ജനറേഷന്‍ പാര്‍ക്കുകളാക്കി മാറ്റും. ഇതിനായി അഞ്ചുകോടി നീക്കിവെച്ചു.
ന്യൂ ഇന്നിംഗ്‌സ്
മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക ശേഷിയും അനുഭവപരിചയവും പ്രയോജനപ്പെടുത്തി പുതുസംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ന്യൂ ഇന്നിംഗ്‌സ് എന്ന് ധനമന്ത്രി വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും ഇതുവഴി സാധിക്കും. ഇതിനായി അഞ്ചുകോടി വകയിരുത്തി.
മെഗാ ജോബ് എക്‌സ്‌പോ
പഠിത്തം കഴിഞ്ഞ തൊഴില്‍ അന്വേഷകര്‍ക്കായി മെഗാ ജോബ് എക്‌സ്‌പോ 2025 ഫെബ്രുവരിയില്‍ നടക്കും. ഏപ്രില്‍ മുതല്‍ പ്രാദേശിക ജോബ് ഡ്രൈവുകളും സംഘടിപ്പിക്കും. രണ്ട് മെഗാ ജോബ് എക്‌സ്‌പോകള്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യം.
മൂന്ന് മുതല്‍ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരു ആള്‍ക്കും ജോലിക്ക് അപേക്ഷിക്കാം. മുന്‍സിപ്പാലിറ്റിയിലും ബ്ലോക്കിലും ജോബ് സ്‌റ്റേഷന്‍ ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.