39.72 കോടി രൂപ ലാഭവിഹിതമായി കാണിച്ചു, നിക്ഷേപം 15 കോടിയായി ഉയര്‍ത്താനുള്ള ഉപദേശത്തില്‍ സംശയം; തായ് വാന്‍ സ്വദേശികള്‍ പിടിയിലായത് ഇങ്ങനെ

ആലപ്പുഴ: ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭം ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 7.65 കോടി രൂപ തട്ടിയെടുത്ത കേസില്‍ ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളെ പ്രതികള്‍ ബന്ധപ്പെട്ടത് വാട്‌സ്ആപ്പ് വഴി. മുന്‍പ് അറസ്റ്റിലായ കര്‍ണാടക സ്വദേശി ഭഗവാന്‍ റാം ഡി പട്ടേല്‍ ആണ് ഡോക്ടര്‍ ദമ്പതികളുമായി വാട്‌സ്ആപ്പ് ചാറ്റ് നടത്തി പണം തട്ടിയെടുത്തത്. വാട്‌സ്ആപ്പ് ലിങ്ക് അയച്ചുകൊടുത്തു ഗ്രൂപ്പില്‍ ചേര്‍ത്ത് നിക്ഷേപ, ലാഭ വിവരങ്ങള്‍ കൈമാറിയാണ് തുടക്കത്തില്‍ ഡോക്ടര്‍ ദമ്പതികളെ വിശ്വാസത്തിലെടുത്തത്. എന്നാല്‍ സംശയം തോന്നി നല്‍കിയ തുക തിരികെ ചോദിച്ചപ്പോള്‍ സംഘം ഭീഷണിപ്പെടുത്തി. പിന്നാലെയാണ് ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഓഹരി നിക്ഷേപ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് എന്ന് പറഞ്ഞാണ് പ്രതികള്‍ ദമ്പതികളെ പരിചയപ്പെട്ടത്. ദമ്പതികള്‍ 7.60 കോടി രൂപ നിക്ഷേപിച്ചപ്പോള്‍ അക്കൗണ്ടില്‍ 39.72 കോടി രൂപയുടെ ലാഭവിഹിതം വന്നതായി പ്രതികള്‍ വ്യാജ കണക്ക് കാണിച്ചു. നിക്ഷേപം 15 കോടി രൂപയായി ഉയര്‍ത്താന്‍ തട്ടിപ്പുകാര്‍ ഡോക്ടറോട് ഉപദേശിച്ചു. ഇതില്‍ സംശയം തോന്നിയാണ് ദമ്പതികള്‍ പൊലീസിനെ സമീപിച്ചത്.

ഭഗവാന്‍ റാം ഡി പട്ടേലിനെ (22) ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പിന്റെ വിദേശബന്ധം വെളിപ്പെട്ടതും തായ്വാന്‍ സ്വദേശികളിലേക്ക് അന്വേഷണം എത്തിയതും. തട്ടിപ്പിന്റെ സൂത്രധാരന്മാരായ രണ്ടു തായ്വാന്‍ സ്വദേശികളും ഗുജറാത്തിലാണ് പിടിയിലായത്. കേസില്‍ നേരത്തേ അറസ്റ്റിലായ പ്രതികളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പിന്തുടര്‍ന്നപ്പോഴാണു മുഖ്യകണ്ണികളായ തായ്വാന്‍കാരെ അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തെന്നും സബര്‍മതി ജയിലില്‍ റിമാന്‍ഡിലുണ്ടെന്നും അറിഞ്ഞത്.

ഗുജറാത്തിലെത്തിയ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇവരെ കസ്റ്റഡിയില്‍ വാങ്ങി ആലപ്പുഴയിലെത്തിച്ചു. വാങ് ചുന്‍വെയ് (സുമോക 26), ഷെന്‍വെയ് ഹോ (ക്രിഷ് 35) എന്നിവരാണു പിടിയിലായത്. സൈബര്‍ പൊലീസ് സംഘത്തിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം ഇവരിലേക്കെത്തിയത്. സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പു കേസാണിത്. ആദ്യം ചേര്‍ത്തല പൊലീസ് അന്വേഷിച്ച കേസ്, 5 കോടിയിലേറെ രൂപ ഉള്‍പ്പെട്ടതായതിനാല്‍ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. നാല്‍പതോളം അക്കൗണ്ടുകളിലായാണു സംഘം പണം വാങ്ങിയത്.

രാജ്യാന്തര ബന്ധമുണ്ടോ എന്നു സംസ്ഥാന സൈബര്‍ സെക്യൂരിറ്റി വിങ് പ്രത്യേകം നിരീക്ഷിക്കുന്ന കേസിലാണു വിദേശ പൗരന്‍മാര്‍ പിടിയിലായത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ അധിക ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധുബാബുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ ബുധനാഴ്ച ചേര്‍ത്തല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ അഞ്ചുപേരാണു മുന്‍പു പിടിയിലായത്. ഇവരില്‍ രാജസ്ഥാനിലെ പാലി സ്വദേശി നിര്‍മല്‍ ജയിന്‍ (22) ആണു വിദേശികളായ തട്ടിപ്പുകാരുമായി നേരിട്ടു ബന്ധപ്പെട്ടിരുന്നത്. തട്ടിയെടുക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയായി മാറ്റിയിരുന്നത് ഇയാളാണെന്നു പൊലീസ് കണ്ടെത്തി.

Previous Post Next Post