ചൂരല്‍ മലയില്‍ പുതിയ പാലം നിര്‍മിക്കും; 35 കോടിയുടെ പദ്ധതി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല പാലം പുതുതായി നിര്‍മിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി 35 കോടി രൂപയുടെ പദ്ധതിക്കുള്ള നിര്‍ദേശം അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. ചൂരല്‍മല ടൗണില്‍നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പുതിയ പാലം പണിയുക.

കഴിഞ്ഞ ദുരന്തകാലത്ത് പുഴയില്‍ ഉയര്‍ന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാള്‍ ഉയരത്തിലായിരിക്കും പാലം പണിയുക. പാലത്തിന്റെ ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളില്‍ 107 മീറ്ററും ഇരു കരകളിലേക്കും 80 മീറ്റര്‍ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിര്‍മിക്കുന്നതിനാലാണ് ഇരു കരകളിലേക്കും 80 മീറ്റര്‍ നീളത്തില്‍ പാലം പണിയുന്നത്.

വെള്ളത്തില്‍ തൂണുകളുണ്ടാവില്ല. പകരം ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിര്‍മിക്കുക. കഴിഞ്ഞ ജൂലൈ 30-നാണ് ഉരുള്‍പൊട്ടലിനെത്തുര്‍ന്ന് മുണ്ടക്കൈയെയും ചൂരല്‍മലയെയും പരസ്പരം ബന്ധിപ്പിച്ചിരുന്ന പാലം ഒലിച്ചുപോയത്.

Previous Post Next Post