ഹരികുമാറിന് എഴുതാനും വായിക്കാനും എണ്ണാനും അറിയില്ല; 30 ലക്ഷം വാങ്ങിയിട്ടില്ലെന്ന് ജ്യോത്സ്യൻ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് അമ്മ ശ്രീതുവിന്റെ മൊഴി. കരിക്കകം സ്വദേശിയായ ജ്യോത്സ്യൻ ശംഖുമുഖം സ്വദേശി ദേവിദാസന് 30 ലക്ഷം നല്‍കിയെന്നാണ് ശ്രീതു പൊലീസിന് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ജ്യോത്സ്യൻ ദേവിദാസനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. എന്നാല്‍ പണം വാങ്ങിയെന്ന ആരോപണം ജ്യോത്സന്‍ നിഷേധിച്ചു.

തനിക്കെതിരെയുള്ളത് കള്ളപ്പരാതിയാണെന്ന് ദേവിദാസന്‍ പറഞ്ഞു. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ജ്യോത്സ്യൻമാരെ വക്രീകരിച്ച് കാണിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സംശയമുണ്ട്. ഹരികുമാറിന് എഴുതാനും വായിക്കാനും എണ്ണാനും അറിയില്ലെന്നും ദേവിദാസന്‍ പറഞ്ഞു. ഹരികുമാറിനോട് മകനോടെന്ന പോലെ പ്രത്യേക സ്‌നേഹം ഉണ്ടായിരുന്നു. മാനസിക വൈകല്യം സഹിക്കാനാവാതെ വന്നതോടെയാണ് ജോലിയില്‍ നിന്ന് ഒഴിവാക്കിയതെന്നും ദേവീദാസന്‍ പറഞ്ഞു.

അതേസമയം, ദേവേന്ദുവിനെ അമ്മാവന്‍ കിണറ്റിലെറിഞ്ഞ് കൊന്നത് സഹോദരിയോടുള്ള കടുത്ത വൈരാഗ്യം മൂലമാണെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഹരികുമാറിനെതിരെ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹരിയുടെ അനാരോഗ്യകരമായ താല്‍പര്യങ്ങള്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതു എതിര്‍ത്തിരുന്നു. കുഞ്ഞ് കാരണം തന്നോടുള്ള സ്‌നേഹവും ശ്രദ്ധയും ശ്രീതുവിന് കുറഞ്ഞതായും ഹരി കരുതി. ഇതിനെല്ലാം കാരണം കുട്ടിയാണെന്ന് കരുതിയ ഹരിക്ക് കുഞ്ഞിന്റെ കരച്ചില്‍ പോലും അരോചകമായി തോന്നി. കൊലപാതകം നടന്ന രാത്രി ഹരി അയച്ച വാട്‌സപ് സന്ദേശത്തിന് ശ്രീതു അനുകൂല മറുപടിയും നല്‍കിയില്ല. ഇത് കൊല്ലാനുള്ള പെട്ടെന്നുള്ള പ്രകോപന കാരണമായെന്നും പൊലീസ് പറയുന്നു.

റിമാന്‍ഡിലായ പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കുട്ടിയെ കൊലപ്പെടുത്തിയെന്ന് ഹരി കുമാര്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും കൊലപാതക കാരണം കണ്ടുപിടിക്കാനാകാതെ കുഴങ്ങുകയാണ് പൊലീസ്. ഹരികുമാര്‍ ഇടയ്ക്കിടെ മൊഴി മാറ്റുന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. കുട്ടിയെ കൊല്ലണമെന്ന് ഉള്‍വിളി തോന്നിയതോടെയാണ് കുറ്റം നടത്തിയതെന്നാണ് ഇന്ന് ഹരികുമാര്‍ പൊലീസിനു നല്‍കിയ മൊഴി. കൊല്ലാന്‍ തോന്നിയപ്പോള്‍ കൊന്നു എന്നാണ് ഹരി കുമാര്‍ പറയുന്നത്. പ്രതി ചില സമയങ്ങളില്‍ മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് റൂറല്‍ എസ്പി കെഎസ് സുദര്‍ശന്‍ പറഞ്ഞു.

ഹരി കുമാറും കുട്ടിയുടെ അമ്മ ശ്രീതുവും തമ്മിലുള്ള ബന്ധവും പൊലീസിനെ വലയ്ക്കുന്നുണ്ട്. തൊട്ടടുത്ത മുറികളില്‍ താമസിക്കുന്ന ഇവര്‍ വാട്‌സാപ്പില്‍ വിഡിയോ കോളുകള്‍ ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് ഇവരുടെ ബന്ധത്തെക്കുറിച്ച് പൊലീസില്‍ സംശയമുണര്‍ത്തിയത്. ഹരികുമാര്‍ ശ്രീതുവിനോട് വഴിവിട്ട അടുപ്പം കാണിച്ചിരുന്നെന്നാണ് സൂചന. ശ്രീതു ഇതിനോട് വഴങ്ങാത്തതിലുള്ള വൈരാഗ്യത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി ആദ്യം പൊലീസിനോട് മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടെല്ലാം പരസ്പര വിരുദ്ധമായ മൊഴിയാണ് ഹരി കുമാര്‍ നല്‍കുന്നത്. ചില ഘട്ടങ്ങളില്‍ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തിരുന്നു.

Previous Post Next Post