'18 ദിവസം, 36 കഥാപാത്രങ്ങൾ', 'എംപുരാൻ' വിശേഷങ്ങൾ പറയാൻ അവർ വരുന്നു; അപ്ഡേറ്റുമായി പൃഥ്വിരാജ്

മലയാള സിനിമാ പ്രേക്ഷകർ‌ക്കിടയിൽ ആവേശമായി മാറിയ ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എംപുരാൻ പ്രഖ്യാപിച്ചതു മുതൽ ഇരട്ടി ആവേശത്തിൽ ചിത്രത്തിനായുള്ള കാത്തിരിപ്പും പ്രേക്ഷകർ തുടങ്ങിയിരുന്നു. ചിത്രത്തിന്റേതായി ലഭിക്കുന്ന ഓരോ അപ്ഡേറ്റും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.

വരും ​ദിവസങ്ങളിൽ ചിത്രത്തിലെ 36 കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുമെന്നാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. "എംപുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടൂ. അത് അവതരിപ്പിച്ച അഭിനേതാക്കൾ അനുഭവം നിങ്ങളോട് പങ്കുവയ്ക്കും. 36 കഥാപാത്രങ്ങൾ, 18 ദിവസം! നാളെ മുതൽ രാവിലെ 10നും വൈകിട്ട് 6 മണിക്കും ആകും അപ്ഡേറ്റ് റിലീസ് ചെയ്യുക".- എന്നാണ് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് എംപുരാൻ റിലീസ് ചെയ്യുക. മാർച്ച് 27 നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ടീസറും തരം​ഗമായി മാറിയിരുന്നു. മോഹൻലാലിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറും എംപുരാൻ എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. '500 കോടിയിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല'- എന്നാണ് എംപുരാന്റെ ഓരോ അപ്ഡേറ്റിനും താഴെ നിറയുന്ന കമന്റുകൾ. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Previous Post Next Post