ഗോപൻ സ്വാമിയുടെ വിവാദ കല്ലറ പൊളിച്ചു. കല്ലറയില്‍ മൃതദേഹം ഇരിക്കുന്ന നിലയിലാണുള്ളത്. മൃതദേഹത്തിന്റെ നെഞ്ചുവരെ സുഗന്ധദ്രവ്യങ്ങളും ഭസ്മവും മൂടിയ നിലയിലായിരുന്നു.
മൃതദേഹം തുറന്നപ്പോള്‍ കുടുംബത്തിന്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. എന്നാല്‍, മൃതദേഹം ഗോപൻ സ്വാമിയുടേതാണോ എന്നുള്ളത് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ.
മൂന്ന് ഡോക്ടർമാർ ഉള്‍പ്പെടെയുള്ള ഫൊറൻസിക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്കു കൊണ്ടുപോകാൻ പറ്റിയില്ലെങ്കില്‍ വീട്ടുപരിസരത്തുതന്നെ പോസ്റ്റ്‍മോർട്ടം ചെയ്യാനുള്ള ഒരുക്കത്തിലാണു ഫൊറൻസിക് സംഘം.
കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് കല്ലറ തുറക്കാനുള്ള നടപടി ക്രമങ്ങള്‍ക്കായി ഇന്ന് പുലർച്ചെ തന്നെ വൻ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്. കല്ലറയിരിക്കുന്ന സ്ഥലത്തേക്കുള്ള വഴിയടച്ചിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, കല്ലറ പൊളിക്കാൻ പൊലീസും സംഘവും സ്ഥലത്തെത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. സബ് കളക്ടർ സ്ഥലത്തെത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്.