നിരന്തരം അധിക്ഷേപ പരാമർശങ്ങള്‍ നടത്തുന്നുവെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെയും കൊണ്ട് പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു.
പൊലീസിന്റെ ബൊലേറോ ജീപ്പിലാണ് ബോബി ചെമ്മണ്ണൂരിന്റെ യാത്ര. സ്വന്തം വാഹനം ഉണ്ടായിരുന്നെങ്കിലും ഇതില്‍ യാത്ര ചെയ്യാൻ പൊലീസ് അനുവദിച്ചില്ലെന്നാണ് വിവരം.
ബോബി ചെമ്മണ്ണൂരിന്റെ വാഹനം പൊലീസ് ജീപ്പിന് തൊട്ടുപിന്നാലെ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രാവിലെയാണ് മേപ്പാടിയിലുള്ള 1000 ഏക്കർ എന്ന റിസോർട്ടില്‍ നിന്ന് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നും പൊലീസ് വയനാട്ടിലേക്ക് എത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹത്തിന്റെ വാഹനത്തില്‍ ബോബി ചെമ്മണ്ണൂരിനെ പുത്തൂർവയലിലെ എആർ ക്യാമ്ബിലെത്തിച്ചു. അവിടെ നിന്നാണ് പൊലീസ് ജീപ്പില്‍ കൊച്ചിയിലേക്ക് കൊണ്ടുപോയത്.
മുൻകൂർ ജാമ്യത്തിനുള്പ്പെടെ ശ്രമിക്കുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂരിനെ അപ്രതീക്ഷിത നീക്കത്തിലൂടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈകിയാല്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് വയനാട്ടില്‍ നിന്ന് തന്നെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്.
ഇന്നലെയാണ് ബോബി ചെമ്മണ്ണൂരിന്റെ പേര് പറഞ്ഞ് ഹണി റോസ് എറണാകുളം സെൻട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയോടും ഹണി റോസ് പരാതിയെക്കുറിച്ച് ഫോണില്‍ സംസാരിച്ചിരുന്നു. പിന്നാലെ ഡിജിപിയുമായും സംസാരിച്ചിരുന്നതായും എത്രയും വേഗം നടപടിയെടുക്കുമെന്ന് ഇരുവരും ഉറപ്പ് നല്‍കിയിരുന്നുവെന്നും നടി പറഞ്ഞു.