കപ്പില്‍ ആര് മുത്തമിടും?, സ്‌കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്; തൃശൂരും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക് കടക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ആര് കപ്പില്‍ മുത്തമിടും എന്നാണ്. മത്സരവേദികളിലെല്ലാം പൊടിപാറും പോരാട്ടമാണ് നടക്കുന്നത്. 117 പവന്‍ സ്വര്‍ണക്കപ്പിന്റെ അവകാശത്തിനായി തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ പൊരിഞ്ഞ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.

10 മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 965 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. 961 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്താണ്. തൊട്ടു പിന്നില്‍ 959 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്ത് ഉണ്ട്. കണ്ണൂര്‍ മുന്‍വര്‍ഷത്തെ ചാമ്പ്യന്മാരാണ്. കോഴിക്കോടും പാലക്കാടുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്ത്. ആകെയുള്ള 249 ഇനങ്ങളില്‍ പത്തുമത്സരം മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. ചൊവ്വാഴ്ച ഉച്ചയോടെ ഇരുന്നൂറിലേറെ ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായി. സമാപനദിവസമായ ബുധനാഴ്ച പകല്‍ രണ്ടോടെ മത്സരങ്ങള്‍ പൂര്‍ത്തിയാകും. നാലിന് സ്വര്‍ണക്കപ്പ് വേദിയിലെത്തും. നടന്മാരായ ടൊവിനോ തോമസും ആസിഫ് അലിയും മുഖ്യാതിഥികളാകും.

സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്താണ്. തിരുവനന്തപുരം കാര്‍മെല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും മാനന്തവാടി എംജിഎംഎസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. അവസാന ദിനമായ ഇന്ന് ഹയര്‍ സെക്കന്ററി വിഭാഗം ആണ്‍ കുട്ടികളുടെ നാടോടി നൃത്തം, ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ്, ഹൈസ്‌ക്കൂള്‍ വിഭാഗം കഥാ പ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ ഉണ്ട്.

തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ ഇന്ന് തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അവധി. വേദികള്‍ക്കും താമസൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും നേരത്തേ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.

മറ്റു സ്‌കൂളുകളിലെ കുട്ടികള്‍ക്ക് കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം പരിഗണിച്ചാണ് അവധിയെന്നും കുട്ടികള്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ പറഞ്ഞു.

Previous Post Next Post