ബോബി ചെമ്മണൂര്‍ പുറത്തിറങ്ങുമോ?; ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസില്‍ റിമാൻഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണൂർ ജാമ്യാപേക്ഷ നല്‍കിയത്.

വെള്ളിയാഴ്ച സമർപ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിയത്. ബോബിക്ക് ജാമ്യം നല്‍കരുതെന്ന് സർക്കാർ കോടതിയില്‍ ആവശ്യപ്പെടും. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിച്ചെന്നും, പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ നിലപാട് അറിയിക്കും.

എന്നാല്‍ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് ബോബി ചെമ്മണൂരിന്റെ വാദം. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല. മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണൂർ ഹർജിയില്‍ പറയുന്നു.
അതേസമയം, നടി ഹണിറോസിന്‍റെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വർ നല്‍കിയ മുൻകൂർ ജാമ്യപേക്ഷയില്‍ ഹൈക്കോടതി പൊലിസിന്‍റെ നിലപാട് തേടി. രാഹുലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഹർജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 27 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.
Previous Post Next Post