വിവിധ രാജ്യങ്ങളില്‍ എച്ച്എംപിവിയുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഐസിഎംആറിന്റെയും ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം നെറ്റ്വര്‍ക്കിന്റെയും നിലവിലെ ഡാറ്റയുടെ അടിസ്ഥാനത്തില്‍, രാജ്യത്ത് ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങള്‍ അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ കേസുകള്‍ എന്നിവയില്‍ അസാധാരണമായ ഒരു വര്‍ധനയും ഉണ്ടായിട്ടില്ല. കര്‍ണാടകയില്‍ രോഗബാധിതരായ രണ്ടുപേര്‍ക്കും വിദേശ യാത്രാ ചരിത്രമില്ലെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ലഭ്യമായ എല്ലാ നിരീക്ഷണ മാര്‍ഗങ്ങളിലൂടെയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. വര്‍ഷം മുഴുവനും എച്ച്എംപിവി വ്യാപനവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഐസിഎംആര്‍ ട്രാക്ക് ചെയ്യുന്നത് തുടരും. ചൈനയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ലോകാരോഗ്യ സംഘടന സമയബന്ധിതമായ അപ്ഡേറ്റുകള്‍ നല്‍കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധന കൈകാര്യം ചെയ്യാന്‍ ഇന്ത്യ സജ്ജമാണെന്നും ആവശ്യമെങ്കില്‍ പൊതുജനാരോഗ്യ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രാലയം പറഞ്ഞു.