ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്. അയ്യപ്പന്റെ മാതൃസ്‌ഥാനീയരായ അമ്ബലപ്പുഴ സംഘം ആദ്യ പേട്ടതുള്ളല്‍ നടത്തും.
രാവിലെ പതിനൊന്നോടെ കൊച്ചമ്ബലത്തില്‍ പൂജകള്‍ നടത്തുന്ന സംഘം അയ്യപ്പനെ സ്‌തുതിക്കുമ്ബോള്‍ പേട്ടതുള്ളല്‍ നടത്താന്‍ അനുമതിയായി കൃഷ്‌ണപ്പരുന്ത് ആകാശത്തു വട്ടമിട്ടു പറക്കുമെന്നാണ് വിശ്വാസം.
അമ്ബലപ്പുഴയിലെ ഏഴുകരകളില്‍ നിന്നുള്ള ഭക്‌തസംഘമാണു പേട്ടതുള്ളല്‍ നടത്തുക. അമ്ബലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ പൂജിച്ച തിടമ്ബുമായി ഗജരാജന്‍ തൃക്കടവൂര്‍ ശിവരാജു ഉള്‍പ്പടെ മൂന്ന് ആനകളെ എഴുന്നള്ളിച്ച് കൊച്ചമ്ബലത്തില്‍നിന്നു വാവരുപള്ളിയില്‍ പ്രവേശിക്കുമ്ബോള്‍ ജമാഅത്ത് അംഗങ്ങള്‍ പൂക്കള്‍ വിതറിയും ഷാള്‍ അണിയിച്ചും സ്വീകരിക്കും. വാവരുടെ പ്രതിനിധിക്കൊപ്പം പള്ളിയെ വലംവച്ച് തിരികെ ഇറങ്ങി പേട്ടതുള്ളല്‍ വലിയമ്ബലത്തില്‍ സമാപിക്കുമ്ബോള്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
നട്ടുച്ചയ്‌ക്ക് ആകാശത്ത് നക്ഷത്രം തെളിയുമ്ബോള്‍ അയ്യപ്പന്റെ പിതൃ സ്‌ഥാനീയരായി കണക്കാക്കുന്ന ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും.അമ്ബലപ്പുഴ സംഘത്തിനൊപ്പം വാവരുടെ പ്രതിനിധി പോയതിനാല്‍ വാവരുപള്ളിയില്‍ കയറില്ലെങ്കിലും ആലങ്ങാട്ട് സംഘം പള്ളിയുടെ മുന്നില്‍നിന്ന് അഭിവാദ്യം അര്‍പ്പിക്കും. മുല്ലപ്പൂക്കള്‍ വിതറി സംഘത്തെ ജമാഅത്ത് വരവേല്‍ക്കും. വലിയമ്ബലത്തില്‍ സമാപിക്കുന്ന പേട്ടതുള്ളലിനെ ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളുടെ പ്രതിനിധികളും ചേര്‍ന്നു സ്വീകരിക്കും.