ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കം; യുവാക്കളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം, അന്വേഷണം

പാലക്കാട്: പെരിങ്ങോട് ബൈക്ക് യാത്രികരെ കാറിടിച്ച് വീഴ്ത്തിയ ശേഷം മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ രാത്രി എട്ട് മണിയോടെ കറുകപുത്തൂർ - പെരിങ്ങോട് പാതയിൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് സംഭവം. ആക്രമിച്ച ശേഷം അക്രമികൾ കടന്നു കളഞ്ഞു.

ആക്രമണത്തിൽ മതുപ്പുള്ളി സ്വദേശിയായ താനിയിൽ രഞ്ജിത്, ഇപി രഞ്ജിത് എന്നിവർക്ക് തലക്കും കൈക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന യുവാക്കളെ കാറിൽ പിന്തുടർന്നെത്തിയ ഒരു സംഘം അക്രമികൾ ഇടിച്ചു വീഴ്ത്തി. അതിനു ശേഷം മാരാകായുധങ്ങൾ ഉപയോഗിച്ച് യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു.

അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇതിൽ ചിലരെ യുവാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ പ്രദേശത്ത് ഉണ്ടായിരുന്നു. ഈ സംഘത്തിൽ പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.

Previous Post Next Post