'ചുണ്ടനക്കി ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു, സ്വയം ശ്വാസമെടുത്തു തുടങ്ങി'; ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പരിക്ക് പറ്റിയ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘം. വേദനയുള്ളതായി ഉമ തോമസ് പറഞ്ഞതായും ഡോക്ടര്‍മാര്‍ പറയുന്നു. വെന്റിലേഷന്റെ സഹായം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇടയ്ക്ക് സ്വയം ശ്വാസമെടുക്കാന്‍ തുടങ്ങിയതും ആശ്വാസത്തിന് വക നല്‍കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

എല്ലാവര്‍ക്കും ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞതായും ഡോക്ടര്‍മാര്‍ പറഞ്ഞു. മക്കളോടാണ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞത്. വാക്കുകളല്ല പതിയെ ചുണ്ടനക്കിക്കൊണ്ടാണ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞത്. ആരോഗ്യ നിലയില്‍ ഇന്നലെത്തേക്കാളും പുരോഗതിയുണ്ട്. എപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റാമെന്നതാണ് ആലോചിക്കേണ്ടത്. വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്. എത്രയും വേഗം വെന്റിലേറ്ററില്‍ നിന്ന് പുറത്തു കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടേയും ആഗ്രഹവും അതാണെന്നും ഡോക്ടര്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം മെഡിക്കല്‍ ബോര്‍ഡ് കൂടിയിരുന്നു. രോഗിയുടെ അവസ്ഥയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് അടുത്ത മെഡിക്കല്‍ ബോര്‍ഡ് കൂടും. തലയിലുണ്ടായ മുറിവ് ഭേദപ്പെട്ട് വരുന്നു. ആളുകളെ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.


Previous Post Next Post