'എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആശംസകൾ'- അഭിനന്ദിച്ച് മോദി

ന്യൂ‍ഡൽഹി: അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ‍ഡോണൾഡ് ട്രംപിനു ആശംസകൾ നേർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുടെ 47ാം പ്രസിഡന്റായാണ് ട്രംപ് രണ്ടാം വട്ടം അധികാരത്തിലേറിയത്. ഇന്ത്യക്കും അമേരിക്കയ്ക്കും ​പ്രയോജനപ്പെടുന്നതും ഒപ്പം ലോകത്തിന്റെ മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരുമിച്ചു പ്രവർത്തിക്കാൻ ആ​ഗ്രഹിക്കുന്നതായി മോദി എക്സിൽ കുറിച്ച ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി.

'അമേരിക്കയുടെ 47ാം പ്രസിഡന്റായി ചരിത്രമെഴുതി സത്യപ്രതിജ്ഞ ചെയ്ത എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അഭിനന്ദനങ്ങൾ. നമ്മുടെ രാജ്യങ്ങൾക്കു പ്രയോജനപ്പെടുന്നതും ലോകത്തിനു മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും വീണ്ടും ഒരുമിച്ചു പ്രവർത്തിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. വിജയകരമായ ഒരു ഭരണകാലം ഉണ്ടാകാൻ ആശംസകൾ'- മോദി കുറിച്ചു.

ചീഫ് ജസ്റ്റിസ് ജോൺ റോബർട്സിനു മുന്നിൽ സത്യവാചകം ചൊല്ലിയാണ് യുഎസിൽ രണ്ടാം ഡോണൾഡ് ട്രംപ് സർക്കാർ അധികാരമേറ്റത്. അതിശൈത്യത്തെ തുടർന്ന് ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിന് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു.

Previous Post Next Post