നടി ഹണി റോസും വ്യവസായി ബോബി ചെമ്മണൂരും തമ്മിലുള്ള വിവാദങ്ങൾക്ക് റേച്ചൽ സിനിമയുടെ റിലീസുമായി ബന്ധമില്ലെന്ന് നിർമാതാവ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നിർമാതാവ് ബാദുഷ ഇത് വ്യക്തമാക്കിയത്. സിനിമയുടെ ടെക്നിക്കൽ ജോലികൾ ഇനിയും പൂർത്തിയാക്കിയിട്ടില്ലെന്നും സെൻസറിങ്ങിനുപോലും കൊടുത്തിട്ടില്ല എന്നും ബാദുഷ പറഞ്ഞു. ഹണി റോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഹണി റോസ് നായികയായ റേച്ചൽ എന്ന സിനിമയുടെ ടെക്നിക്കൽ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. സെൻസർ ചെയ്യുകയോ, അതിനായി അപേക്ഷിക്കുകയോ ചെയ്തിട്ടില്ല. റിലീസിന് 15 ദിവസം മുൻപെങ്കിലും സെൻസർ ചെയ്യാൻ അപേക്ഷ സമർപ്പിക്കണം എന്നാണ് നിയമം. ഹണി റോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവരുടെ വ്യക്തിപരമായ കാര്യമാണ്. സിനിമയുടെ റിലീസിന് അതുമായി ബന്ധമില്ല. സിനിമയേക്കുറിച്ചു പിന്നീട് അറിയിക്കുന്നതാണ്.’- ബാദുഷ കുറിച്ചു.
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് റേച്ചൽ. ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് താരം എത്തുന്നത്. വിവാദങ്ങൾ പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയാണ് എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് വിശദീകരണവുമായി ബാദുഷ രംഗത്തെത്തിയത്.