ഫോട്ടോയ്ക്ക് ലൈക്ക് കുറഞ്ഞാല്‍ ടെന്‍ഷന്‍, ഒന്നിനും കൊള്ളില്ലെന്ന തോന്നല്‍; കൗമാരക്കാർക്കിടയിൽ ഇംപോസ്റ്റർ സിൻഡ്രോം വർധിക്കുന്നു

ജീവിതത്തിലെ ഓരോ ഘട്ടങ്ങളും ചിത്രങ്ങളായും വിഡിയോ ആയും ലൈവ് ആയുമൊക്കെ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്ന പ്രവണത ഇപ്പോൾ വ്യാപകമാണ്. ഫോട്ടോയ്ക്ക് ലൈക്ക് ഒന്നു കുറഞ്ഞാൽ അല്ലെങ്കില്‍ കമന്റില്ലെങ്കിലൊക്കെ ആധിപിടിക്കുന്ന വലിയൊരു വിഭാ​ഗം കൗമാരക്കാരും നമുക്കിടയിലുണ്ട്. സോഷ്യൽമീഡിയയുടെ ഈ സ്വാധീനം ഇംപോസ്റ്റര്‍ സിന്‍ഡ്രോം വർധിക്കാൻ കാരണമാകുമെന്നാണ് മനശാസ്ത്ര വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

അടുത്തിടെ മനോജ് ബാജ്‌പേയി ഒരു അഭിമുഖത്തിൽ താൻ ഇംപോസ്റ്റർ സിൻഡ്രോം നേരിട്ടതിനെ കുറിച്ചു തുറന്നു പറഞ്ഞിരുന്നു. നെ​ഗറ്റീവ് ചിന്തകളെ മറികടക്കാൻ ബുദ്ധമുട്ടിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇംപോസ്റ്റര്‍ സിന്‍ഡ്രോം എന്നത് ഒരു മാനസികാവസ്ഥയാണ്. സ്വന്തം നേട്ടങ്ങളെ സംശയിക്കുകയും കുറ്റബോധം തോന്നുകയും അത് ആസ്വദിക്കാൻ ഭയപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് ലഭിച്ചാലും അത് ഭാ​ഗ്യം കൊണ്ട് മാത്രമാണെന്നും തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് കരുതാതെയിരിക്കുകയും പിന്നീട് അതില്‍ കുറ്റബോധം തോന്നുകയും ചെയ്യുക.

ഇത്തരം മനോഭാവമുള്ളവര്‍ തങ്ങളുടെ വിജയം വെറും ഭാ​ഗ്യം കൊണ്ട് മാത്രം ഉണ്ടായതാണെന്ന് വിശ്വസിക്കുന്നു. തനിക്ക് കഴിവുണ്ടെന്ന് എല്ലാവരെയും താന്‍ കബിളിപ്പിക്കുകയാണെന്ന തരത്തിലാണ് അവര്‍ സ്വയം വിലയിരുത്തുക. വിജയങ്ങള്‍ എത്ര ഉണ്ടായാലും അശുഭാപ്തി ചിന്താ പ്രക്രിയ അവരുടെ നേട്ടങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്താം. ഏകദേശം 70 ശതമാനം ആളുകള്‍ക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഇംപോസ്റ്റര്‍ സിന്‍ഡ്രോം അനുഭവപ്പെടുമെന്നാണ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ബിഹേവിയറല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

അക്കാദമിക, കോര്‍പ്പറേറ്റ് ജോലിയിടങ്ങളില്‍ പോലുള്ള മത്സരാധിഷ്ഠിത പരിസ്ഥിതികളിലാണ് ഇത്തരം മനോഭവം ഉയര്‍ന്നു വരുക. കാരണം ബാഹ്യമായ മൂല്യനിര്‍ണയം പലപ്പോഴും വ്യക്തിപരമായ നേട്ടങ്ങളെ മറികടക്കുന്നു.

സോഷ്യല്‍ മീഡിയയുടെ സ്വാധീനം

മറ്റുള്ളവരുടെ ജീവിതങ്ങളെയും നേട്ടങ്ങളടുടെയും നല്ല വേര്‍ഷന്‍ മാത്രമാണ് പലപ്പോഴും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുക. ഇത് നിങ്ങള്‍ക്കുള്ളിലെ ഇംപോസ്റ്റര്‍ സിന്‍ഡ്രോം ഊതി പെരിപ്പിക്കും. ഇത് ആത്മവിശ്വാസം, തനിക്ക് കഴിവില്ലെന്നുമുള്ള തോന്നലുകള്‍ ഉണ്ടാക്കും. സമ്മര്‍ദം ആത്മസംശയത്തിലേക്കും വിജയം അര്‍ഹിക്കുന്നതല്ലെന്ന വിശ്വാസത്തിലേക്കും നയിക്കും. ഇത് ഇംപോസ്റ്റര്‍ സിന്‍ഡ്രോമിന് കൂടുതല്‍ ഇന്ധനം നല്‍കുന്നു.

കൗമാരക്കാരും യുവാക്കളുമാണ് മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയ പ്രേരിത ഇംപോസ്റ്റര്‍ സിന്‍ഡ്രോമിന് കൂടുതല്‍ ഇരയാകുന്നത്. കൗമാരക്കാര്‍ സോഷ്യല്‍ മീഡിയയിലെ യാഥാര്‍ത്ഥ്യങ്ങളുമായി നിരന്തരം സ്വയം താരതമ്യം ചെയ്യുന്നു. ഇത് അപര്യാപ്തതയ്ക്കും ആത്മ സംശയത്തിനും കാരണമാകും. കൂടാതെ സോഷ്യല്‍മീഡിയയിലെ നിരന്തര അപ്‌ഡേറ്റുകള്‍ ആവേശകരമായ അനുഭവങ്ങള്‍ തങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്ന തോന്നല്‍ കൗമാരക്കാരില്‍ ഉണ്ടാക്കാം. ലൈക്കുകൾ, കമന്റുകൾ, ഫോളോവേഴ്‌സ് എണ്ണം എന്നിവയോടുള്ള അമിതമായ അഭിനിവേശം ഈ അരക്ഷിതാവസ്ഥയെ കൂട്ടൂമെന്നും വിദഗ്ധര്‍ പറയുന്നു.

Previous Post Next Post