റേഷന്‍ സമരം: സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക്; അടച്ചിടുന്ന കടകള്‍ ഏറ്റെടുക്കും, ലൈസന്‍സ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: പണിമുടക്ക് പ്രഖ്യാപിച്ച റേഷന്‍ വ്യാപാരികളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍. ഉച്ചയ്ക്ക് 12 മണിക്ക് ചര്‍ച്ച നടത്താനാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ക്ഷണിച്ചിട്ടുള്ളത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ പണിമുടക്കുന്ന റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇ പോസ് മെഷീനുകള്‍ പിടിച്ചെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെ എട്ടു മുതല്‍ 256 റേഷന്‍ കടകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അടച്ചിടുന്ന റേഷന്‍ കടകള്‍ ഏറ്റെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് ശേഷം ഇതിനുള്ള നടപടികള്‍ തുടങ്ങാനാണ് തീരുമാനം. എല്ലാ ജില്ലകളിലും കണ്‍ട്രോല്‍ റൂമുകള്‍ തുറക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ചൊവ്വാഴ്ച മുതല്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നിരത്തിലിറക്കുമെന്നും ഭക്ഷ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. നാല്‍പ്പതിലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാനാണ് തീരുമാനം. വേതന പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഭക്ഷ്യ-ധന മന്ത്രിമാര്‍ റേഷന്‍ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Previous Post Next Post