കേസ് വീണ്ടും വിളിപ്പിച്ച് ഹൈക്കോടതി; പെട്ടെന്ന് ജയിലിന് പുറത്തിറങ്ങി ബോബി ചെമ്മണൂര്‍, നാടകീയ നീക്കങ്ങള്‍

കൊച്ചി: നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂര്‍ ജയില്‍ മോചിതനായി. രാവിലെ 9.50 ഓടെയാണ് ബോബി കാക്കനാട് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ജാമ്യം കിട്ടിയിട്ടും ബോബി ജയിലില്‍ തുടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി കേസ് വീണ്ടും വിളിപ്പിച്ചതോടെയാണ് രാവിലെ തന്നെ ബോബിയെ പുറത്തിറക്കിയത്.

ഇന്നലെ പുറത്തിറങ്ങാതിരുന്നത് സഹതടവുകാരെ സഹായിക്കാനായിരുന്നെന്നാണ് ബോബി പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ജയിലിനകത്ത് പത്തിരുപത്താറോളം പേര്‍ ജാമ്യം കിട്ടിയിട്ടും 5000മോ, പതിനായിരമോ ഇല്ലാത്തതുകൊണ്ട് വിഷമിക്കുന്നവരാണ്. അവര്‍ എന്റെയടുത്ത് വന്നപ്പോള്‍ പരിഹരിക്കാമെന്ന് പറഞ്ഞു. അതിനുവേണ്ടിയുള്ള സമയത്തിന് വേണ്ടി ഒരു ദിവസം കൂടി ജയിലില്‍ നിന്നു എന്നേയുള്ളൂവെന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു.

ജയിലിൽ നിന്നും ഇറങ്ങാതിരുന്നത് കോടതിയലക്ഷ്യമല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കോടതി അലക്ഷ്യമല്ലെന്നായിരുന്നു മറുപടി. കടലാസ് ഇന്നാണ് കിട്ടിയതെന്നാണ് അധികൃതര്‍ പറഞ്ഞത് എന്നും ബോബി ചെമ്മണൂര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഇറങ്ങാതിരുന്നതല്ലേ എന്ന ചോദ്യത്തോട്, ഇറങ്ങണ്ടാന്ന് തീരുമാനിച്ചിട്ടില്ല എന്നും പറഞ്ഞു. അതേസമയം, ബോബി ചെമ്മണൂരിന്റെ കേസ് രാവിലെ 10.15 ന് പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്.

പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാൻ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടു. ജാമ്യം നൽകിയതിന് പിന്നാലെയുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഈ കേസ് അടിയന്തരമായി പരിഗണിക്കുന്നത്. കാക്കനാട് ജയിലിന് പുറത്ത് ബോബിയുടെ അനുയായികൾ നടത്തിയ പരാമർശങ്ങളിലും കോടതിക്ക് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.

Previous Post Next Post