'സംശയങ്ങള്‍ അതേപടി നിലനില്‍ക്കുന്നു; പോരാട്ടം തുടരും'; അപ്പീൽ നൽകുമെന്ന് നവീന്‍ബാബുവിന്റെ ഭാര്യ

പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ല. അതുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ ഇനി പിന്നോട്ടില്ലെന്നും, നിയമപോരാട്ടം തുടരുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.

നവീന്‍ബാബുവിന്റെ മരണത്തില്‍ സംശയങ്ങളുണ്ട്. ഹൈക്കോടതി വിധി അന്തിമമൊന്നുമല്ല. അപ്പീല്‍ പോകാന്‍ പ്രൊവിഷനുണ്ട്. അപ്പീല്‍ നല്‍കും. പിന്മാറാന്‍ ഏതായാലും ഉദ്ദേശിക്കുന്നില്ല. ഏതറ്റം വരെയും മുമ്പോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ല. തങ്ങള്‍ ഉന്നയിച്ച വാദം കോടതി കൃത്യമായി പരിഗണിച്ചില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു ഉത്തരവ് വന്നത് എന്നും മഞ്ജുഷ പറഞ്ഞു.

നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ സംശയങ്ങള്‍ അതേപടി നിലനില്‍ക്കുകയാണ്. ഇനി പിന്നോട്ടു മാറാന്‍ തീരുമാനിച്ചിട്ടില്ല. മുമ്പോട്ടു പോകാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളതെന്നും മഞ്ജുഷ കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് നവീന്‍ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തുടര്‍നടപടി സ്വീകരിക്കാനാണ് തീരുമാനം. ഡിവിഷന്‍ ബെഞ്ചിനെയോ സുപ്രീംകോടതിയെയോ സമീപിക്കും. കാര്യങ്ങളെല്ലാം ഹൈക്കോടതിയെ അറിയിച്ചിരുന്നതാണെന്നും പ്രവീണ്‍ ബാബു വ്യക്തമാക്കി.

കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം തുടരാം. കുടുംബത്തിന്റെ ആശങ്കകള്‍ പരിശോധിക്കണം. സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണം നടക്കണം. കണ്ണൂര്‍ റേഞ്ച് ഡിഐജി അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കണം. റേഞ്ച് ഡിഐജിയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ പാടുള്ളൂവെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Previous Post Next Post